മോഹന്‍ലാലിന്റെ കോലം കത്തിച്ചു

കൊച്ചി: A.M.M.A യുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചു. എഐവൈഎഫ് പ്രവര്‍ത്തകരാണ് A.M.M.A ജനറല്‍ സെക്രട്ടറിയായ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാലിന്റെ കോലം കത്തിച്ചത്. ഇന്നസെന്റ് മാറിയാണ് തത്സഥാനത്ത് മോഹന്‍ലാല്‍ നിയമിതനായത്.

ഫിലിം ചേമ്പറിന്റെ ആസ്ഥാനത്താണ് കോലം കത്തിക്കല്‍ പ്രതിഷേധം അരങ്ങേറിയത്. നടനെ തിരിച്ചെടുത്ത അഭിനേതാക്കളുടെ സംഘടനയായ A.M.M.A പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ഫിലിം ചേമ്പര്‍ ആസ്ഥാനത്ത് മോഹന്‍ലാലിന്റെ കോലം കത്തിച്ചത്.

എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ നയിക്കുന്ന ഒരു സംഘടനയില്‍ നിന്നാണ് സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏറെ ഗൗരവമേറിയതാണ്. സിനിമ രംഗത്തെ ഇത്തരം നെറികെട്ട പ്രവര്‍ത്തികളോടുള്ള സൂപ്പര്‍ താരങ്ങളുടെ നിലപാട് എന്താണെന്ന് അവര്‍ വ്യക്തമാക്കണമെന്നും എഐവൈഎഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിന്നു.