അമ്മയ്ക്ക് എതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത് ; വീണ്ടും യോഗം വിളിക്കണം

ദിലീപ് വിഷയത്തില്‍ താരസംഘടനയായ അമ്മയ്ക്ക് എതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും പറഞ്ഞു. അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തില്‍ ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും അമ്മയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടികാഴ്ചയ്ക്ക് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിച്ചു എന്നും അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമത്തെ അതിജീവിച്ച നടിക്ക് അമ്മയിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ അമ്മയിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ അമ്മയുടെ യഥാര്‍ത്ഥ നിലപാടെന്താണെന്ന് ഞങ്ങള്‍ക്കറിയേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നത് എന്നും അവര്‍ ആവശ്യപ്പെടുന്നു. അതുപോലെ സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു.

അടിയന്തിര സാഹചര്യങ്ങളില്‍ പ്രത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.