‘അവള്‍ക്കൊപ്പം’ പോസ്റ്റിന് സംഘ പ്രവര്‍ത്തകരുടെ തെറിവിളി
ബിജെപി മുന്‍ സംസ്ഥാന പ്രെസിഡന്റും രാജ്യ സഭ എംപിയുമായ വി മുരളീധരന്‍ തന്റെ ഫേസ്ബുക് പേജില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു, ‘അവള്‍ക്കൊപ്പം’. കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയില്‍ നിന്നും നാല് നടിമാര്‍ രാജിവച്ചത്. ഇവര്‍ക്കും ആക്രമിക്കപ്പെട്ട നടിക്കും പിന്തുണ നല്‍കിക്കൊണ്ടാണ് അവള്‍ക്കൊപ്പം എന്ന തലക്കെട്ടില്‍ മുരളീധരന്‍ പോസ്റ്റ് ചെയ്തത്. നദി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുത്ത മോഹന്‍ലാലിന്റെ തീരുമാനം ശെരിയായില്ല എന്നും പറയുന്നുണ്ട്.
എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് അദ്ദേഹത്തിന് വരുത്തി വച്ചത്. ലസിതാ പാലക്കലിനെതിരെ യുവ മൂര്‍ച്ചയില്‍ നിന്നും പുറത്താക്കിയതും, പിന്നീട് നടനും അവതാരകനുമായ സാബുവില്‍ നിന്നും അവഹേളനം നേരിട്ടപ്പോള്‍ സംഘടനാനേതൃത്വം അവരുടെ കൂടെ നില്കാത്തതും സംഘ പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ലസിതയ്ക്കു നീതി ഉറപ്പാക്കാതെയും പിന്തുണ നല്‍കാതെയും നടിമാര്‍ രാജിവച്ച വിഷയത്തില്‍ അവര്‍ക്കു പിന്തുണ നല്‍കി മുരളീധരന്‍ പ്രതികരിച്ചത് സംഘ പ്രവര്‍ത്തകരുടെ രോഷം അണപൊട്ടന്‍ കാരണമായി എന്നുവേണം അവള്‍ക്കൊപ്പം പോസ്റ്റിന്റെ കമന്റുകള്‍ വായിക്കുമ്പോള്‍ മനസിലാക്കാന്‍. അവരുടെ രോഷം അസഭ്യ വര്‍ഷമായി ഇരമ്പുകയാണ് കമന്റ് ബോക്‌സില്‍.
മുരളീധരന്റെ എഫ്ബി പോസ്റ്റ്:
‘മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്.
മോഹന്‍ലാല്‍ എന്ന മഹാനായ നടന്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ശ്രീ മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.
ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് അക്കാര്യത്തില്‍ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല.
മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള
വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. എല്ലാവരും തുല്യര്‍ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലര്‍ മറ്റുള്ളവരെക്കാള്‍ വലിയവര്‍ എന്ന സ്ഥിതിയാണ് അമ്മയില്‍ നിലനില്‍ക്കുന്നത് എന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍
അധ്യക്ഷനെന്ന നിലയില്‍ ശ്രീ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.’
(സഭ്യമായ ഭാഷയല്ലാത്തതുകൊണ്ട് വന്ന പ്രതികാരണങ്ങള്‍ ഒന്നും തന്നെ ഇവിടെ പറയുന്നില്ല, അത് വായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് എഫ്ബി പേജില്‍ പോയി തന്നെ വായിക്കാം)