ദിലീപ് വിഷയം ; മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍

ദിലീപ് വിഷയത്തില്‍ മൌനം തുടരുന്ന മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ട് എന്ന് വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ പറയുന്നു. അതുപോലെ വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യര്‍ ആയിരുന്നു എന്നും അവര്‍ പറയുന്നു. കൂടാതെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കുന്നതില്‍ മഞ്ജുവും മുന്‍നിരയിലായിരുന്നു. അതുപോലെ ഇടത് എം.എല്‍.എ മാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാട് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

കുറ്റാരോപിതനെ സംരക്ഷിക്കുന്ന അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ രാജ്യം നല്‍കിയ കേണല്‍ പദവി ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ”രാജ്യം നല്‍കിയ പരമോന്നത ബഹുമതി മോഹന്‍ലാല്‍ ഒഴിയണം. താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ഗുരുതര ആരോപണത്തെ നേരിടുന്നയാളെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. കേണല്‍ പദവി വ്യക്തിപരമായ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രം ഉപയോഗിക്കുന്നത് ശരിയല്ല” -ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അതുപോലെ പരസ്യമായി കുറ്റാരോപിതനെ സംരക്ഷിക്കുന്ന അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികളും ജനങ്ങളോട് മാപ്പു പറയണമെന്നും ഇവരുടെ നിലപാടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ അമ്മ കേരള സമൂഹത്തോട് മറുപടി പറയണമെന്ന് പി.ടി.തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. വിഷയത്തില്‍ കേരള സമൂഹത്തിന്റെ പ്രതികരണങ്ങള്‍ തീരെ ശുഷ്‌കമാണെന്നും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജനപ്രതിനിധിയെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും ആരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ദിലീപ് കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും പി.ടി. തോമസ് വ്യക്തമാക്കി.

എന്നാല്‍, നേരത്തേ എന്തിനാണ് ദിലീപിനെ പുറത്താക്കിയതെന്നും ഇപ്പോള്‍ തിരിച്ചെടുക്കാനുണ്ടായ സാഹചര്യമെന്താണെന്നും കേരള സമൂഹത്തോട് വിശദീകരിക്കാനുള്ള ബാധ്യത ‘അമ്മ’യ്ക്കുണ്ട് എന്നും അദ്ദേഹം പറയുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം സംഭവസ്ഥലത്ത് ആദ്യമെത്തിയവരില്‍ ഒരാളാണ് തൃക്കാക്കര എംഎല്‍എയായ പി.ടി.തോമസ്. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളെ തടഞ്ഞ് കൃത്യമായി കേസെടുക്കുന്നതിന് മുന്‍ കൈയ്യെടുത്തതും അദ്ദേഹമായിരുന്നു.

അമ്മ പ്രസിഡന്റ് ഇന്നസെന്റ് രാജിവെച്ച ശേഷം മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത അമ്മ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്. ഇതേത്തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലു നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍, ഇതുവരെ മോഹന്‍ലാല്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മുംബൈയില്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണ തിരക്കിലാണ് താരം ഇപ്പോള്‍.അതുപോലെ എ.എം.എംഎയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദ കാരാട്ട്.

ജനങ്ങള്‍ ഇടത് ജനപ്രതിനിധികളില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജിവച്ചവര്‍ക്കും ആക്രമണത്തിന് ഇരയായവര്‍ക്കും ഒപ്പം ഉറച്ചു നിലനില്‍ക്കുന്നതാണ് ഇടത് നിലപാട്. ഇത് ഉള്‍ക്കൊണ്ട് അമ്മയില്‍ അംഗങ്ങളായ ജനപ്രതിനിധികള്‍ പെരുമാറണമെന്ന് ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മലയാള സിനിമ താരങ്ങളുടെ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ള പൂശുന്ന നടപടിയാണ്. തീരുമാനം പുനഃപരിശോധിക്കണം. പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ബൃന്ദ ചാനലിനോട് വ്യക്തമാക്കി.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിന്റെ സസ്പെന്‍ഷന്‍ തുടരുമെന്ന് എന്ന് തന്നെയാണ് സംവിധായകരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും. പ്രതിയായതിനാലാണ് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്നും ആ സാഹചര്യത്തില്‍ മാറ്റം വരാത്തതിനാല്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കേണ്ടതില്ലെന്നുമാണ് ഇവരുടെ നിലപാട്. എന്നാല്‍, കുറ്റവിമുക്തനായാല്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.