ഭാര്യയുടെ സോഷ്യല്‍ മീഡിയ ഭ്രാന്ത് ; വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍
വിവാഹത്തിന് ശേഷം സ്ത്രീധനവും സ്വത്ത് തര്‍ക്കവും സംബന്ധിച്ചാണ് നമ്മുടെ നാട്ടില്‍ മുമ്പ് കേസുകള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇക്കാലത്ത് കോടതികളില്‍ വിവാഹമോചനത്തിനു എത്തുന്ന കേസുകളില്‍ പലതിലും വില്ലന്‍ സ്ഥാനത്ത് നില്‍ക്കുന്നത് ദമ്പതിമാരുടെ സോഷ്യല്‍ മീഡിയ ഭ്രമമാണ്. അടുത്തുള്ള പങ്കാളിയെക്കാള്‍ പലര്‍ക്കും താല്പര്യം എവിടേയോ ഇരിക്കുന്ന സോഷ്യല്‍ മീഡിയ സുഹൃത്തുക്കളെയാണ്. അത്തരത്തില്‍ ഭാര്യക്ക് സമൂഹമാധ്യമങ്ങളിലുള്ള അമിതാസക്തിയെ തുടര്‍ന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍. ഐ.ടി വിദഗ്ധനായ നരേന്ദ്ര സിങാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
എന്നാല്‍, വിവാഹദിനം മുതല്‍ ഭാര്യ സൈബര്‍ ലോകത്താണെന്നായിരുന്നു നരേന്ദ്ര സിങിന്റെ ആരോപണം. ഭാര്യയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു. അര്‍ധരാത്രിയില്‍ വരെ ഭാര്യ തന്‍റെ ആണ്‍ സുഹൃത്തുകളുമായി ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍, അതേക്കുറിച്ച് ചോദിച്ചാല്‍ തനിക്ക് സംശയരോഗമാണ് എന്ന് പറഞ്ഞു ഭാര്യ ദേഷ്യപ്പെടുകയാണെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. വിവാഹ ശേഷം ഭര്‍തൃഗൃഹവുമായി പൊരുത്തപ്പെടാന്‍ നരേന്ദ്ര സിങ് ഭാര്യക്ക് ആവശ്യത്തിന് സമയം നല്‍കിയിരുന്നു.
എന്നാല്‍, അവള്‍ ഭര്‍ത്താവിനൊപ്പം ചെലവിടുന്നതിനേക്കാള്‍ അധികം സമയം സമൂഹമാധ്യമങ്ങളിലാണ് ചിലവഴിക്കുന്നതെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കളും പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ അതിപ്രസരം വിവാഹ ജീവിതത്തിന് വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഹിമ കോഹ്‌ലി അഭിപ്രായപ്പെട്ടിരുന്നു. ഇയാളുടെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പാണ് സമാനമായ സംഭവത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. അവിടെയും വില്ലന്‍ ഭാര്യയുടെ സോഷ്യല്‍ മീഡിയ ഭ്രമം തന്നെയായിരുന്നു.