കര്‍ഷക വഞ്ചനയിലെ പൂഴിക്കടകന്‍. മക്കള്‍, മരുമക്കള്‍ പിന്നെ റിലയന്‍സ്
കോട്ടയം: കെ.എം. മാണിയോളം കേരളത്തില്‍ ഇത്രയേറെ അഴിമതി ആരോപണം നേരിടുന്ന മറ്റൊരു നേതാവും കേരളത്തില്‍ ഉണ്ടാവുകയില്ല. സമയാ സമയങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലൂടെ ഇവിടുത്തെ മുന്നണികളെ നിലക്ക് നിര്‍ത്തി ഇത്തരം കേസുകളില്‍ നിന്ന് വളരെ തന്ത്രപൂര്‍വ്വം തലയൂരുന്നതും നമ്മള്‍ കണ്ടു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അഴിമതിയെക്കാള്‍ ഏറെ തങ്ങളെ വിശ്വസിക്കുന്ന ഒരു വലിയ സമൂഹത്തെ തന്നെ ഒറ്റുകൊടുത്ത് വഞ്ചിച്ച് കൊള്ളയടി തുടരുന്നതിന്റെ കഥയാണ്.
കര്‍ഷകര്‍ക്കായി ഏറ്റവും കൂടുതല്‍ മുതലക്കണ്ണീരൊഴുക്കുകയും അതില്‍ ഊറ്റം കൊള്ളുകയയും ചെയ്യുന്ന കോട്ടയം പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ് (എം). ബ്രാക്കറ്റിലെ എം സൂചിപ്പിക്കുന്നതുപോലെ കെ.എം. മാണി ചെയര്‍മാനായും മകന്‍ ജോസ് കെ മാണി വൈസ് ചെയര്‍മാനുമായ ഈ പാര്‍ട്ടിയുടെ എപ്പോഴത്തെയും ഇര കുടിയേറ്റ കര്‍ഷകര്‍ തന്നെയാണ്. കുടിയേറ്റ കര്‍ഷകര്‍ എന്നതിനുമപ്പുറം റബ്ബര്‍ കര്‍ഷകര്‍ എന്ന് പറയുന്നതാകും ശരി. റബ്ബര്‍ കര്‍ഷകര്‍ വലിയ വോട്ട് ബാങ്കായുള്ള കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്ന് മാത്രമായാണ് ഈ പാര്‍ട്ടിക്ക് എം.എല്‍.എ മാര്‍ ഉള്ളതും. ഇത്തരത്തില്‍ തങ്ങളെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ജനത്തെ തന്നെ വഞ്ചിച്ചാണ് ഈ പാര്‍ട്ടിയുടെ നേതാക്കള്‍ അഴിമതി പണം സ്വരൂപിക്കുന്നത് എന്നറിയുമ്പോഴാണ് ഇവര്‍ നടത്തിയ കൊടും കര്‍ഷക വഞ്ചനയുടെ ആഴം മനസ്സിലാകുക.
റബ്ബര്‍ കര്‍ഷകരുടെ നടുവൊടിച്ച ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഈ പാര്‍ട്ടിയുടെ എം. പി.യും UPA യില്‍ അംഗവുമായ ജോസ് കെ മാണി ആ തീരുമാനത്തെ കയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്. അതിനു പിന്നില്‍ വലിയൊരു കച്ചവട തത്പര്യമായിരുന്നു എന്നതാണ് ഇപ്പോള്‍ വെളിവാകുന്നത്. എതിര്‍പ്പുകളില്ലാതെ ആസിയാന്‍ കരാര്‍ നടപ്പിലായതോടെ റബ്ബര്‍ വിലയിടിവിന് വലിയ പങ്ക് വഹിച്ച സിന്തെറ്റിക്ക് റബ്ബറിന്റെ ഇറക്കുമതി ഇന്ത്യയുടെ തുറമുഖങ്ങളില്‍ വളരെ എളുപ്പമായി. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന സിന്തെറ്റിക് റബ്ബര്‍ അസംസ്‌കൃത വസ്തുവായുള്ള നൂറ് കണക്കിന് ഉത്പന്നങ്ങളുടെ കച്ചവടക്കാരനായ റിലയന്‍സ് എന്ന വമ്പന്‍ കോര്‍പറേറ്റ് പ്രാദേശിക തലത്തിലെ എതിര്‍പ്പുകളെ അവിടങ്ങളില്‍ തന്നെയുള്ള കൂട്ടാളികളെ കച്ചവടത്തില്‍ കൂട്ടുപിടിച്ച് ഇല്ലാതാക്കി. കേരളത്തിലെ ഇത്തരത്തിലുള്ള വലിയൊരു കൂട്ടുകച്ചവടത്തിന്റെ പങ്കാളികളാണ് കെ.എം. മാണിയുടെ മക്കളും, മരുമക്കളും.
സിന്തെറ്റിക്ക് ഇറക്കുമതി ഉള്‍പ്പടെ റിലയന്‍സുമായി ചേര്‍ന്ന് കെ.എം. മാണിയുടെ മക്കളും, മരുമക്കളും കൊച്ചിയില്‍ നടത്തുന്ന റോയല്‍ മാര്‍ക്കറ്റിങ്ങ് എന്ന കച്ചവട സ്ഥാപനത്തില്‍ ജോസ് കെ മാണിയും പങ്കാളിയാണ്. സിന്തെറ്റിക് റബ്ബറിന്റെ ഇറക്കുമതിയിലുള്ള വിലക്കുകള്‍ നീങ്ങിയതിന് ശേഷമാണ് റിലയന്‍സ് റോയല്‍ മാര്‍ക്കറ്റിങ്ങുമായി കച്ചവട ബന്ധം സ്ഥാപിക്കുന്നതെന്നതും പ്രധാനമാണ് കെ.എം.മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഈ സ്ഥാപനത്തിന് കേരളാ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് വായ്പ അനധികൃധമായി വയ്പ് അനുവദിച്ചിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള അന്വേഷണങ്ങളും നടത്തേണ്ടതായിട്ടുണ്ട്.
ചാനലുകള്‍ക്ക് മുന്നിലും, പ്രസ്താവനകളിലും കര്‍ഷക സ്‌നേഹം നിറഞ്ഞുകവിയുന്നത് കാണുമ്പോള്‍ ഏതൊരാളും ഇവരെ വിശ്വസിച്ച് പോകും എന്നാല്‍ നാളിതുവരെ അധികാരത്തില്‍ വന്നപ്പോഴൊന്നും തന്നെ കാര്‍ഷിക വകുപ്പ് ഈ പാര്‍ട്ടി ഒരിക്കല്‍ പോലും എടുക്കാത്തത് ഇവരുടെ ഇരട്ടത്താപ്പെന്തെന്ന് വെളിപ്പെടുത്തും.