ബിഷപ്പ് പീഡിപ്പിച്ചു എന്ന പരാതിയുമായി കന്യാസ്ത്രീ ; പരാതി വ്യാജം എന്ന് ബിഷപ്പ്

കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് സഭയിലെ മുതിര്‍ന്ന കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. 2014 ല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് തന്നെ പീഢിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. അതേസമയം സ്ഥലം മാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി കന്യാസ്ത്രീക്കെതിരെ ബിഷപ്പും കേസ് നല്‍കിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളം ബിഷപ്പില്‍ നിന്ന് പീഢനം തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

കഴിഞ്ഞ ദിവസമാണ് ബിഷപ്പിനെതിരായ പരാതി കോട്ടയം എസ്പിക്ക് ലഭിക്കുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പാണ് കന്യാസ്ത്രീ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി ബിഷപ്പ് പരാതി നല്‍കിയത്. കോട്ടയം കുറവിലങ്ങാടുള്ള മഠത്തിലാണ് കന്യാസ്ത്രീ കഴിഞ്ഞിരുന്നത്. ഇവരെ സ്ഥലം മാറ്റാന്‍ ബിഷപ്പ് തീരുമാനിച്ചു. ഇതില്‍ ഇവര്‍ക്ക് വൈരാഗ്യമുണ്ടായി. ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടിയാണ് ബിഷപ്പ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. രണ്ടുപരാതികകളും ഗൗരവത്തോടെ തന്നെ അന്വേഷിക്കുമെന്നാണ് കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വൈക്കം പോലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.