രാജിവെച്ച നടിമാര്‍ സ്ഥിരം കുഴപ്പക്കാര്‍ ; ഭയക്കേണ്ട കാര്യമില്ല : ഗണേഷ്കുമാര്‍

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമ്മ ഭാരവാഹിയായ ഇടവേള ബാബുവിന് ഗണേഷ് കുമാര്‍ അയച്ച ശബ്ദരേഖ പുറത്ത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് ആദ്യ മുന്നറിയിപ്പ്. ഇപ്പോള്‍ അമ്മയില്‍ നിന്ന് നാലുപേര്‍ രാജിവെച്ചതാണ് ഏറ്റവും പുതിയ കാര്യം. എന്നാല്‍, ഇവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഇവര്‍ക്ക് പുറത്തുപോകുന്നതിനോ വേറെ സംഘടനയുണ്ടാക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും അതൊക്കെ നല്ല കാര്യതന്നെയാണെന്നും ഗണേഷിന്റെ സന്ദേശത്തിലുണ്ട്.

ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും അമ്മക്കെതിരേ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടിമാത്രമാണെന്നും ഗണേഷ്കുമാര്‍ പറയുന്നു. അമ്മയില്‍ നിന്ന് പുറത്തുപോയ നാലുപേരും സിനിമയിലോ സംഘടനയിലോ സജീവമായിട്ടുള്ളവരല്ല. അമ്മ നടത്തിയ മെഗാ ഷോയില്‍ പോലും ഇവര്‍ സഹകരിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറയുന്നു. അതേസമയം ശബ്ദരേഖ പുറത്തു വന്നതിനെ തുടര്‍ന്ന് പുറത്തു വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് ഗണേഷ്‌കുമാര്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.

അമ്മയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍ തന്റെ അഭിപ്രായം പറയേണ്ടി വന്നതാണ്. ശബ്ദരേഖ ചോര്‍ന്നത് അമ്മയ്ക്കുള്ളില്‍ നിന്നാണ്. ആരാണ് ചോര്‍ത്തിയത് എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.