ഡല്‍ഹിയില്‍ 11 പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ഡല്‍ഹി ബുരാരിയില്‍ 11 പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് സ്ത്രീകളെയും നാല് പുരുഷന്‍മാരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എല്ലാവരും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇതില്‍ ചിലരുടെ കൈകള്‍ കൂട്ടിക്കെട്ടിയിരുന്നു. ബുരാരിയിലെ ശാന്ത് നഗറിലെ സ്ട്രീറ്റ് നമ്പര്‍ 24ലെ വീട്ടിലാണ് സംഭവം നടന്നത്.

സംഭവം ആത്മഹത്യ തന്നെയാണോ അതോ കുടുംബാംഗങ്ങളില്‍ ആരെങ്കിലും മറ്റുള്ളവരെ കൊന്ന് സ്വയം ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു പലചരക്ക് കടയും ഫര്‍ണീച്ചര്‍ ബിസിനസുമാണ് കുടുംബത്തിനുള്ളത്. കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ സമീപവാസികളില്‍ നിന്ന് പൊലീസ് ശേഖരിച്ചുവരികയാണ്.