കടലിലെ പ്ലാസ്റ്റിക്കില്‍ നിന്നും റോഡ് നിര്‍മ്മാണം: വിജയകരമായി സര്‍ക്കാരിന്റെ ശുചിത്വ സാഗരം പദ്ധതി


കടലില്‍ നിന്നും വലയില്‍ കുടുങ്ങിയത് 25 ടണ്‍ പ്ലാസ്റ്റിക് മാലിന്യം, അവ സംസ്‌കരിച്ച് ഇനി കേരളത്തിലെ റോഡുകള്‍ നിര്‍മ്മിക്കും. സര്‍ക്കാരിന്റെ ശുചിത്വ സാഗരം പദ്ധതി വിജയത്തിലേക്ക്. ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനത്തില്‍ യുഎന്‍ഒയുടെ മുദ്രാവാക്യം ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍’ എന്നതായിരുന്നു. കേരളത്തിലെ മല്‍സ്യബന്ധന സമൂഹത്തെയും സര്‍ക്കാരിനെയും ശുചിത്വ സാഗരം പദ്ധതിയെയും പ്രകീര്‍ത്തിച്ചിരുന്നു യുഎന്‍ഒ.

മല്‍സ്യ സമ്പത്തു കൊണ്ട് അനുഗ്രഹീതമായ കേരളത്തിന്റെ 600 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന കടല്‍ത്തീരം, ആ മല്‍സ്യ സമ്പത്തിനെ കരയിലേക്ക് എത്തിക്കുന്ന അനേകായിരം വരുന്ന കടലിന്റെ മക്കള്‍. എന്നാല്‍ ആ മല്‍സ്യസമ്പത്തിന് വലിയ ഭീഷണിയായി ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഈ കടലില്‍ കുമിഞ്ഞു കൂടി കിടക്കുന്നത്. കുറേ വര്‍ഷങ്ങളായി കടലില്‍ പോകുന്നവരുടെ വലയില്‍ കുടുങ്ങുന്നത് മല്‍സ്യത്തെക്കാളേറെ പ്ലാസ്റ്റിക്ക് മാലിന്യമാണ്. ഇതിനെ കടലിലേക്ക് തന്നെ തിരിച്ചു നിക്ഷിപിച്ചു മടങ്ങുകയായിരുന്നു പതിവ്.

കടലിന്റെ ഈ ദുരവസ്ഥ നേരിട്ടറിയുന്നകടലിന്റെ മക്കള്‍ ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ടായിരുന്നു. അങ്ങിനെയാണ് കഴിഞ്ഞ കൊല്ലം ഫിഷറീസ് മന്ത്രി മെര്‍സിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ‘ശുചിത്വ സാഗരം’ പാദ്ധ്യതയുമായി മുന്നോട്ടു വരുന്നത്. വലയില്‍ കുടുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ തന്നെ നിക്ഷേപിക്കാതെ കരയില്‍ എത്തിക്കുക, അവ തീരത്തുള്ള പ്ലാസ്റ്റിക് സാംക്‌സ്‌കരണ യൂണിറ്റുകളില്‍ എത്തിച്ചു സംസ്‌കരിക്കുക. ആദ്യം നടപ്പിലാക്കിയത് കൊല്ലം കടല്‍ത്തീരത്ത്, തുടര്‍ന്ന് കേരളത്തിന്റെ മറ്റു കടല്‍ത്തീരങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.

പദ്ധതി നടപ്പിലാക്കി ഒരു കൊല്ലം കഴിയുമ്പോള്‍ 25 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കടലിനും കരയില്‍ എത്തിച്ചു സംസ്‌കരിച്ചത്. മല്‍സ്യ ബന്ധന വലകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ കുപ്പികള്‍ തുടങ്ങി നാം വലിച്ചെറിയുന്ന അനേകം തരാം പ്ലാസ്റ്റിക്കുകള്‍ ഇതില്‍ ഉള്‍പ്പെടും. ഇവ പ്ലാസ്റ്റിക്ക് ഷ്രഡിങ് യൂണിറ്റുകളില്‍ എത്തിച്ചു സംസ്‌കരിക്കുന്നു, ഇതിനെ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഈ പ്രക്രിയക്കായി തന്നെ അഞ്ചു മല്‍സ്യബന്ധന വള്ളങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്, ഇവയില്‍ മല്‍സ്യബന്ധന സമൂഹത്തിലെ 30 പേരും, ഇതില്‍ 3 പേര്‍ സ്ത്രീകളാണ്.

അതിസസൂക്ഷ്മമായ പ്ലാസ്റ്റിക് മാലിന്യ പദാര്‍ത്ഥങ്ങള്‍ മല്‍സ്യങ്ങളുടെ ചെകിളകളില്‍ കുടുങ്ങി അനേകായിരം മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുന്നു. വലിയ തോതില്‍ നമ്മുടെ മല്‍സ്യസമ്പത്തിനെ ബാധിക്കുന്ന ഈ വിപത്തിനെ മറികടക്കാന്‍ മല്‍സ്യ ബന്ധന സമൂഹത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഈ പദ്ധതി സഹായകരമാകും.