ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി മറച്ചുവെച്ചുവെന്ന് ആരോപിച്ചു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐജിക്ക് പരാതി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ സംഘടനയായ എഎംടിയാണ് ഐജിക്ക് പരാതി നല്‍കി. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി കര്‍ദിനാള്‍ മറച്ചുവെച്ചുവെന്നാണ് ആരോപണം. പീഡനം പൊലീസിനെ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ നോക്കി. പീഡനം മറച്ചുവെച്ച കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നുമാണ് എഎംടിയുടെ ആവശ്യം. ജോണ്‍ ജേക്കബ് എന്നയാളാണ് എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്.

ജലന്ധര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ ലൈംഗികമായി പീഡിപ്പിച്ച കാര്യം കന്യാസ്ത്രീ അറിയിച്ചിട്ടും പൊലീസിനെ അറിയിക്കുകയോ മറ്റ് നടപടികളോ സ്വീകരിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ പീഡനം ഒതുക്കി തീര്‍ക്കാന്‍ കര്‍ദ്ദിനാള്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിച്ചു. അതിനാല്‍ തന്നെ കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. ഇതിനായി കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി പി.കെ.സുഭാഷ് അപേക്ഷ നല്‍കി. നാല്‍പ്പത്താറുകാരിയായ കന്യാസ്ത്രീയുടെ മൊഴി ഇന്നലെ വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

ഫ്രാങ്കോ മുളയ്ക്കല്‍ 2014 മേയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മിഷണറീസ് ഒഫ് ജീസസ് മഠത്തിലെ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് മദര്‍ സുപ്പീരിയറായിരുന്ന കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതെന്നാണ് പരാതി.