പെണ്‍കുട്ടിയോട് സംസാരിച്ചതിന് അഞ്ചുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

മഹാരാഷ്ട്രലെ ദുലെ ജില്ലയിലെ റെയിന്‍പാഡ ഗ്രാമത്തിലെ ആഴ്ച ചന്തയില്‍ വെച്ചാണ് ആക്രമണം നടന്നത്. സംഘത്തിലൊരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ട ആളുകള്‍ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയുമായിരുന്നു. സംഭവത്തിലുള്‍പ്പെട്ടതെന്ന് കരുതുന്ന 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിചാണ് അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നത്.

കുറച്ചു ദിവസങ്ങളായി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം മേഖലയില്‍ എത്തിയിട്ടുണ്ടെന്ന പേരില്‍ വാട്‌സ് ആപ്പിലൂടെയും മറ്റും അഭ്യൂഹം പരക്കുന്നുണ്ടായിരുന്നു.ഇതിനെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തമായത് എന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പിംപാല്‍നര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ രാജ്യത്ത് പല ഇടങ്ങളിലും ഇപ്പോള്‍ കൊലപാതകങ്ങള്‍ അരങ്ങേറുകയാണ്.