ആരാധകരുടെ ഹൃദയം തകര്‍ത്ത് ഒരേ ദിവസം വിടവാങ്ങിയ രണ്ട് ലോകപ്രതിഭകള്‍

ഒരുപക്ഷെ റഷ്യയിലെ ലോകകപ്പായിരിക്കുമോ വിശ്വപ്രതിഭകളായ ഈ രണ്ട് പേരുടെ അവസാന ലോകകപ്പ്. മെസിയോടൊപ്പം അര്‍ജന്റീന പുറത്തായതോടൊപ്പം ആരാധകര്‍ നിരാശയുടെ പടുകുഴിയിലേക്ക് തള്ളി പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം റൊണോള്‍ഡോയും കൂട്ടരും ലോകകപ്പില്‍ നിന്ന് വിടവാങ്ങി. ലോകകപ്പ് കണ്ടതില്‍ വെച്ച് ആരാധകര്‍ക്ക് ഏറ്റവും നിരാശ നല്‍കുന്ന നിമിഷമായിരുന്നു ഒരേ ദിവസം സംഭവിച്ചത്.

ലാറ്റിനമേരിക്കന്‍ ടീമായ ഉറുഗ്വയോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ റഷ്യയോട് യാത്ര പറഞ്ഞപ്പോള്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീന റഷ്യന്‍ മണ്ണ് വിട്ടു. ഫിഷ്ട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഡിസണ്‍ കവാനിയുടെ ഇരട്ട ഗോളുകളാണ് ഉറുഗ്വയ്ക്ക് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് നല്‍കിയത്. പോര്‍ച്ചുഗലിന്റെ ഏക ഗോള്‍ പെപെയുടെ വകയായിരുന്നു.

അട്ടിമറി വിജയത്തിന്റെ ലോകകപ്പാണ് റഷ്യയില്‍ നടന്നത്. തുടക്കം മുതല്‍ വമ്പന്മാരെ കീഴടക്കി കുഞ്ഞന്‍ ടീമുകള്‍ മുന്നോട്ട് കുതിക്കുന്ന കാഴ്ച. ഇതുവരെ റ്ഷ്യയില്‍ കണ്ട കാഴചയാണ് ഇത്. ഒറ്റ രാത്രിയില്‍ തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ ടീമുകള്‍ പുറത്തായത് ആരാധകര്‍ക്ക് സങ്കടം സമ്മാനിച്ചു. 30 കാരനായ മെസിക്കും 33 കാരനായ റൊണാള്‍ഡോയും ഇത് അവസാന ലോകകപ്പായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഏഴു ഗോളുകള്‍ പിറന്ന കളിയില്‍ അര്‍ജന്റീനയെ ആധികാരികമായി കീഴടക്കിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ (4-3) കടന്നത്. ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്നാണു സൂചനകള്‍. അടുത്ത ലോകകപ്പാകുമ്പോള്‍ മെസ്സിക്കു 35 വയസ്സാകും. പെലെ, മറഡോണ തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം വാഴ്ത്തപ്പെടാന്‍ ലോകകപ്പ് കിരീടം വേണമെന്ന വാദങ്ങള്‍ ബാക്കിയാക്കിയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ലോകകപ്പില്‍നിന്നു പുറത്തായത്. കഴിഞ്ഞ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍, ചിലെയോടു തോറ്റതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ച താരം പിന്നീടു മടങ്ങിയെത്തുകയായിരുന്നു.

ഫ്രാന്‍സിനു വേണ്ടി ഇരട്ടഗോള്‍ നേടി മൈതാനവും ആരാധകരുടെ മനസ്സും കീഴടക്കിയ കിലിയന്‍ എംബപെ എന്ന പത്തൊന്‍പതുകാരന്റെ താരോദയത്തിനും ഈ മല്‍സരം വേദിയായി. 2-1നു ലീഡ് നേടിയ ശേഷമായിരുന്നു അര്‍ജന്റീനയുടെ കീഴടങ്ങല്‍. ഗോളടിച്ചും തിരിച്ചടിച്ചും ഇഞ്ചോടിഞ്ചു പൊരുതിയ ആദ്യപകുതിയില്‍ ഇരുടീമും 1-1 സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന 2-1നു മുന്നിലെത്തി. പിന്നീടുള്ള 10 മിനിറ്റിനിടെ മൂന്നു ഗോളുകള്‍ തുടരെ നേടി ഫ്രാന്‍സ് കളം പിടിച്ചു. ജര്‍മനിക്കു പിന്നാലെ അര്‍ജന്റീനയും പുറത്തായതോടെ, കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ രണ്ടു ടീമുകളും കളമൊഴിഞ്ഞു.

അതേസമയം, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുറഗ്വായാണ് പോര്‍ച്ചുഗലിനെ തകര്‍ത്തത്. എഡിന്‍സണ്‍ കവാനിയുടെ ഇരട്ട ഗോളുകളുടെയും പഴുതില്ലാത്ത പ്രതിരോധത്തിന്റെയും മികവില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് യുറഗ്വായ് ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. അര്‍ജന്റീനയും മെസ്സിയും കീഴടങ്ങിയ അതേ ദിവസം തന്നെ ക്രിസ്റ്റ്യാനോയും ലോകകപ്പില്‍നിന്ന് നടന്നകന്നത് വിധി കാത്തു വച്ച യാദൃച്ഛികതയാണ്.

ഏഴ്, 62 മിനിറ്റുകളിലായിരുന്നു, ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ കവാനിയുടെ ഗോളുകള്‍. 55ാം മിനിറ്റില്‍ പെപ്പെ പോര്‍ച്ചുഗലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. പോര്‍ച്ചുഗല്‍ നിലയുറപ്പിക്കും മുന്‍പ് ലീഡ് നേടിയ യുറഗ്വായ് സുശക്തമായ പ്രതിരോധത്തിലൂടെ എതിരാളികളെ പൂട്ടുകയായിരുന്നു. ആദ്യപകുതിയുടെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ തൊടുത്ത ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേര കയ്യിലൊതുക്കുയും ചെയ്തു. ഏഴാം മിനിറ്റില്‍ ബോക്സിനു പുറത്തു നിന്ന് സ്വാരെസിന്റെ സുന്ദരന്‍ ക്രോസിലേക്കു കുതിച്ചുയര്‍ന്ന് കവാനി വലകുലുക്കിയപ്പോള്‍ പോര്‍ച്ചുഗല്‍ ക്യാംപ് ഞെട്ടി (1-0).

ഇടവേളയ്ക്കു മുന്‍പ് പന്തടക്കത്തില്‍ മികച്ചു നിന്ന പോര്‍ച്ചുഗലിന് നിര്‍ണായക മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ലീഡ് നേടിയതിനു ശേഷം പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞെങ്കിലും കൗണ്ടര്‍ അറ്റാക്കുകള്‍ക്കുള്ള അവസരങ്ങള്‍ യുറഗ്വായ് പാഴാക്കിയില്ല. ക്രിസ്റ്റ്യാനോയ്ക്ക് പന്തെത്തിക്കുന്നതില്‍ പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതോടെ ആദ്യപകുതിയുടെ ആധിപത്യം അവര്‍ക്കു നഷ്ടമായി.

അതേസമയം, മധ്യനിരയിലെ മേല്‍ക്കോയ്മ എതിരാളികള്‍ക്കു വിട്ടുകൊടുത്ത യുറഗ്വായ് ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താനാണ് ശ്രമിച്ചത്. പല ഘട്ടങ്ങളിലും യുറഗ്വായ് താരങ്ങള്‍ ഒന്നടങ്കം പിന്നോട്ടിറങ്ങി പ്രതിരോധനിരയ്ക്കു പിന്തുണ നല്‍കി. ഇടവേളയ്ക്കു ശേഷവും യുറഗ്വായ് അമിത പ്രതിരോധത്തിനു ശ്രമിച്ചപ്പോഴാണ് 55ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സമനില ഗോള്‍ (1-1). കോര്‍ണറില്‍നിന്ന് പെപ്പെ ഗോള്‍ നേടിയതിനു പിന്നാലെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്ന യുറഗ്വായ് പ്രത്യാക്രമണത്തിലൂടെ തിരിച്ചടിച്ചു.

62ാം മിനിറ്റില്‍ വലതു പാര്‍ശ്വത്തില്‍നിന്ന് റോഡ്രിഗോ ബെന്റാങ്കുറിന്റെ ഡയഗണല്‍ ക്രോസിലേക്ക് ഓടിക്കറിയ കവാനിയുടെ ഉജ്വല ഷോട്ട് ഗോള്‍കീപ്പര്‍ റൂയി പട്രീഷ്യോയെയും കടന്ന് വലയില്‍ (2-1). ക്വാര്‍ട്ടറില്‍ ജൂലൈ ആറിനു രാത്രി 7.30ന് യുറഗ്വായ് ഫ്രാന്‍സിനെ നേരിടും.