വേള്‍ഡ് മലയാളി ഫെഡറേഷന് മഹാരാഷ്ട്രയില്‍ തുടക്കമായി

മുംബൈ: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനവും, രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമായ മുംബൈയില്‍ ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യുണിറ്റ്. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ മാത്യു ആന്റണിയുടെ വസതിയില്‍ കൂടിയ ആദ്യ യോഗത്തില്‍ സംഘടനയുടെ ഔപചാരിക ഉത്ഘാടനവും രൂപീകരണവും സംബന്ധിച്ച വിഷയങ്ങളില്‍ ധാരണയായി.

മഹാരാഷ്ട്രയില്‍ യുണിറ്റ് രൂപീകരിക്കുന്നതുവഴിയായി സംസ്ഥാനത്തെ പ്രവാസികള്‍ക്കും, ഒപ്പം രാജ്യത്തിനും മൊത്തം ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളുമായി മുംബൈ യുണിറ്റ് മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തു. ലോകം മുഴുവനുമുള്ള മലയാളികളുടെ ശൃംഖലയുമായി പ്രവാസികള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരമായി സംഘടനയുടെ ഉദയത്തെ മുംബൈ മലയാളികള്‍ വിലയിരുത്തി.

ലോകമലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും, മലയാളികള്‍ക്കിടയില്‍ സുശക്തമായൊരു നെറ്റ് വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി, പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും, കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി അറിയിക്കുക എന്നിങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങള്‍ മുന്‍ നിറുത്തിയാണ് 17 മാസങ്ങള്‍ക്ക് മുന്‍പ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ വിയന്ന ആസ്ഥാനമായി രൂപം കൊണ്ടത്.

ലോകത്തിലെ എണ്‍പത്തി ആറാമത്തെ യൂണിറ്റായിട്ടാണ് മഹാരാഷ്ട്രയിലെ യുണിറ്റ് പിറന്നത്. ഇതിനോടകം വിവിധ ഭൂഖണ്ഡങ്ങളിലായി എണ്‍പതിലധികം രാജ്യങ്ങളില്‍ ഡബ്ലിയു.എം.എഫ് സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയുടെ മുംബൈ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കാര്യപരിപാടികളും പിന്നീട് അറിയിക്കും.