ഒരു കുടുംബത്തിലെ പതിനൊന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍ ; ദുരൂഹതകള്‍ ബാക്കി

ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഒരു കുടുംബത്തിലെ 11 പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണു പ്രാഥമിക വിവരം. മരിച്ച 11ല്‍ എട്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം വിശദാംശങ്ങള്‍ പുറത്തുവന്നു. എട്ട് പേരുടേയും തൂങ്ങി മരണം തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. കഴുത്തില്‍ കുരുക്ക് മുറുകിയാണ് എല്ലാവരും മരിച്ചിരിക്കുന്നത്. പിടിവലിയോ ബലപ്രയോഗമോ നടന്നതിന്റെ യാതൊരു ലക്ഷണവും മൃതശരീരങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. മൂന്ന് പേരുടെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിശദാംശങ്ങള്‍ കൂടി ഇനി പുറത്ത് വരാനുണ്ട്. പത്ത് പേര്‍ തുങ്ങിയ നിലയിലും ഗൃഹനാഥ നാരായണ ദേവി(77)യുടെ മൃതദേഹം തറയിലുമാണ് കണ്ടെത്തിയത്.

ഇവരെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ കണ്ടെത്തല്‍ കൊലപാതക സാധ്യത തള്ളുന്നു. നാരായണ ദേവിക്ക് പുറമെ മക്കളായ ഭുവനേഷ് (50), ലളിത് (45), ഇവരുടെ ഭാര്യമാരായ സവിത (48), ടീന (42), നാരായണ ദേവിയുടെ മറ്റൊരു മകള്‍ പ്രതിഭ (57), ചെറുമക്കളായ പ്രിയങ്ക (33), നിതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരാണ് മരിച്ചത്. നാരായണി ദേവി മരിച്ച് കിടന്നതിന് മുകളിലായി ഒരു കുരുക്ക് കിടന്നിരുന്നു. എന്നാല്‍ കഴുത്തില്‍ നിന്ന് കുരുക്ക് എടുത്ത് മാറ്റിയത് ആരാണെന്ന് വ്യക്തമല്ല. തൂങ്ങി മരിച്ച എല്ലാവരുടേയും കൈകള്‍ ബന്ധിക്കുകയും മുഖം മറയ്ക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ഷിഫ്റ്റുകളിലായാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച ഒന്നാം ഘട്ട പോസ്റ്റ്മോര്‍ട്ടം അര്‍ദ്ധരാത്രി 12 മണിയോടെ അവസാനിച്ചു. രണ്ടാം ഘട്ടം തിങ്കളാഴ്ച രാവിലെ 9ന് തുടങ്ങി വൈകുന്നേരം മൂന്ന് മണിക്കാണ് അവസാനിച്ചത്. ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 11 പേരുടേയും പോസ്റ്റ്മോര്‍ട്ടം വൈകുന്നേരം മൂന്ന് മണിയോടെ അവസാനിച്ചു. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ കണ്ടെത്തലുകള്‍ വിലയിരുത്തി വിദഗ്ധാഭിപ്രായം രൂപീകരിക്കുന്നതിന് രണ്ട് മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ കണ്ടെത്തലുകള്‍ പോലീസിന് കൈമാറിയതായി എല്‍.എന്‍.ജി.പി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ജെ.സി പസേ പറഞ്ഞു.