കോഴിക്കോട് മലപ്പുറം ജില്ലകളെ നിപ്പ വൈറസ് മുക്തമായി പ്രഖ്യാപിച്ചു


മെയ് മാസം കോഴിക്കോട് മലപ്പുറം ജില്ലകളില്‍ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ അവാസാനിച്ചിരിക്കുന്നു എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഭീതി നിറഞ്ഞ അന്തരീക്ഷം നിലനില്‍ക്കുമ്പോഴും ത്വരിതപൂര്‍ണ്ണമായ അടിയന്തിര നടപടികളുടെ ഫലമായി നിപ്പ വൈറസ് കൂടുതല്‍ വ്യാപിക്കുന്നതില്‍ നിന്നും തടയാന്‍ കഴിഞ്ഞു. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ആണ് വൈറസ് ബാധയുണ്ടായത്. ജൂണ്‍ ഒന്നു മുതല്‍ പുതുതായി ഒരു കേസും രേഖപ്പെട്ടിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഈ രണ്ടു ജില്ലാകളെയും നിപ്പ വൈറസ് മുക്തമായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്.

അതീവ ജാഗ്രതയോടുകൂടി നിസ്വാര്‍ത്ഥ സേവനം ചെയ്ത ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ആരോഗ്യ പ്രവര്‍ത്തക വോളന്റിയര്‍മാരെയും അനുമോദിക്കുന്ന ചടങ്ങില്‍ ആണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ വിശദീകരിച്ചത്. വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരണമടഞ്ഞ ലിനി എന്ന നഴ്‌സിനെ ചടങ്ങില്‍ ആദരിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷ് ചടങ്ങില്‍ സംബന്ധിച്ച് ആദരവ് ഏറ്റുവാങ്ങി.

കോഴിക്കോട് കളക്ടര്‍ യു വി ജോസ്, മലപ്പുറം കളക്ടര്‍ അമിത് കുമാര്‍ മീന, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജി അരുണ്‍കുമാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. നിപ്പ വൈറസ് തിരിച്ചറിയുകയും വൈറസ് ബാധ പടരുന്നത് ചെറുക്കാനുള്ള ശ്രമങ്ങളെയും പ്രകീര്‍ത്തിച്ച് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ എ എസ് അനൂപ് കുമാറിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.