മീനില്‍ മാത്രമല്ല കേരളത്തില്‍ എത്തുന്ന കോഴിയിറച്ചിയിലും മാരകവിഷം ; വിഷം കഴിക്കാന്‍ വിധിക്കപ്പെട്ട് കേരളം
മീനില്‍ മാത്രമല്ല അതിര്‍ത്തി കടന്നു കേരളത്തില്‍ എത്തുന്ന ഇറച്ചിക്കോഴിയിലും അടങ്ങിയിരിക്കുന്നത് മാരകമായ വിഷം എന്ന് റിപ്പോര്‍ട്ട്. കോഴികള്‍ പെട്ടന്ന് വളരാനും തൂക്കം കൂടാനും പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കളെന്ന് റിപ്പോര്‍ട്ട്. 14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്. 40 ദിവസം കൊണ്ട് കോഴിക്ക് രണ്ടരകിലോ തൂക്കം വരെ ലഭിക്കാനാണ് ഈ കൃത്രിമം. കോഴി ചത്താലും ഇറച്ചി കേടാതിരിക്കാന്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്. തൂക്കം വര്‍ധിക്കാനും മാംസം വര്‍ധിക്കാനും മാംസത്തില്‍ പുഴുവരിക്കാതിരിക്കാനുമാണ് ഇത്രയധികം കെമിക്കലുകള്‍ ഉപയോഗിക്കുന്നത്.
കോഴിക്കുഞ്ഞ് 40 ദിവസം കൊണ്ട് രണ്ടരകിലോ തൂക്കത്തിലെത്തും. 60 ദിവസം കഴിഞ്ഞാല്‍ അവ ചത്ത് തുടങ്ങും. അങ്ങനെ ചത്താലും പേടിക്കേണ്ട. മാംസം ഫോര്‍മാലിന്‍ കലര്‍ത്തി ഫ്രീസറില്‍ സൂക്ഷിച്ച് വില്‍പ്പന നടത്താം. ഇതിനായി കന്നാസില്‍ ഫോര്‍മാലിന്‍ എപ്പോഴും സൂക്ഷിക്കണം. കൃത്യമായ പരിശോധന നടത്താതെ വിപണിയിലെത്തുന്ന കോഴിയിറച്ചി മൂലം മനുഷ്യനെ കാത്തിരിക്കുന്നത് മഹാരോഗങ്ങളുടെ പട്ടികയാണ്. കരള്‍, കിഡ്നി, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ രാസവസ്തുക്കള്‍ കലര്‍ന്ന കോഴിയിറച്ചി സാരമായി ബാധിക്കും.
പുറത്തു നിന്നും വരുന്ന മീനില്‍ അവ കേടാകാതെ ഇരിക്കുവാന്‍ മാരകമായ വിഷങ്ങള്‍ കലര്‍ത്തുന്നു എന്ന റിപ്പോര്‍ട്ട് വന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അതുപോലെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചകറികള്‍ വിഷമയമാണ് എന്ന് ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്. ദിവസവും ഇത്തരത്തിലുള്ള വിഷം കാശ് കൊടുത്ത് വാങ്ങി കഴിക്കുവാന്‍ കേരളസമൂഹം നിര്‍ബന്ധിതരാകുന്നു എന്നതാണ് സത്യം.