കൈലാസ മാനസ സരോവര്‍ യാത്രയ്ക്ക് പോയ നൂറോളം മലയാളികള്‍ കുടുങ്ങി കിടക്കുന്നു

കൈലാസ്-മാനസ സരോവര്‍ യാത്രയ്ക്ക് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 1575 പേര്‍ നേപ്പാളിലെ മൂന്നിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. സിമിക്കോട്ട്, ഹില്‍സ, ടിബറ്റ് എന്നിവിടങ്ങളിലായാണ് കുടുങ്ങിക്കിടക്കുന്നത്. പ്രതികൂലമായ കാലാവസ്ഥ ഇവരുടെ രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നുണ്ട്. എന്നാല്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രതികരിച്ചു. ഹില്‍സയില്‍ മാത്രമാണ് എത്തിപ്പെടാന്‍ അല്‍പ്പം ബുദ്ധിമുട്ടെങ്കിലും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിമികോട്ടില്‍ 525 തീര്‍ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. 550 പേര്‍ ഹില്‍സയിലും ടിബറ്റ് ഭാഗത്ത് 500 പേരും കുടുങ്ങിക്കിടക്കുന്നു എന്നാണു വിവരം. നേപ്പാള്‍ സര്‍ക്കാരിനോട് തീര്‍ഥാടകര്‍ക്കാവശ്യമായ സഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിമിക്കോട്ടില്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിശോധന നടത്തുന്നുണ്ടെന്നും, ഹില്‍സയില്‍ പോലീസ് അധികൃതരോട് ആവശ്യമായ സഹായം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമസ്വരാജ് അറിയിച്ചു.