മുംബൈയില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നടപ്പാത തകര്‍ന്നുവീണു ; ഒഴിവായത് വന്‍ദുരന്തം

കനത്ത മഴയെ തുടര്‍ന്ന് മുംബൈ അന്ധേരിയില്‍ റെയില്‍വേ പാളത്തിലേക്ക് മേല്‍പ്പാലത്തിന്റെ നടപ്പാത തകര്‍ന്നുവീണ് ആറു പേര്‍ക്ക് പരിക്ക് . ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. പടിഞ്ഞാറന്‍ അന്ധേരിയേയും കിഴക്കന്‍ അന്ധേരിയേയും ബന്ധിപ്പിക്കുന്ന ഗോഘ്ലെ പാലത്തിന്റെ നടപ്പാതയാണ് തകര്‍ന്ന് വീണത്. സംഭവം നടന്ന ഉടന്‍ ദേശിയ ദുരന്ത നിവാരണ സംഘവും മുംബൈ ഫയര്‍ ബ്രിഡ്ജ് ഡിപാര്‍ട്ട്മെന്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പരിക്കേറ്റ മൂന്ന് കാല്‍നടക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് അന്ധേരി സബന്‍ബന്‍ തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ രണ്ടു പുരുഷന്‍മാരെയും ഒരു സ്ത്രീയെയും രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ആയിരക്കണക്കിനു യാത്രക്കാര്‍ പതിവായി സഞ്ചരിക്കുന്ന പാലമാണിത്. ആളുകള്‍ കുറവായത് കൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്.