നിസാന് പിന്നാലെ മൈക്രോസോഫ്റ്റും ടെക് മഹേന്ദ്രയും കേരളത്തില്‍ ; തിരുവനന്തപുരം മറ്റൊരു സിലിക്കൺ വാലിയാകുമോ?

തിരുവനന്തപുരം : ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ നിസാന്‍ ഗ്ലോബല്‍ ടെക്നോളജി ഹബ് കേരളത്തില്‍ തുറക്കുന്നതിനു പിന്നാലെ, ഐ ടി രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താല്പര്യം പ്രകടമാക്കി. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്തു കാമ്പസ് തുറക്കാന്‍ താല്പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ഐ ടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്ന് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മിന്റ്’ ബിസിനസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി .കൂടുതല്‍ ലോകോത്തര കമ്പനികള്‍ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

”ആറ് മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിസാന്‍ കേരളം തിരഞ്ഞെടുത്തത്. ഗ്ലോബല്‍ ടെക്ക് ഹബിന് അവര്‍ സ്ഥലം തേടുന്നതായി ഞങ്ങള്‍ മനസിലാക്കി. ഉടനെ അവരെ കോണ്‍ടാക്ട് ചെയ്ത് കേരളത്തിന്റെ സൗകര്യങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. ഇവിടെ വന്നാല്‍ ഫയലുകളുടെ നീക്കം അതിവേഗത്തിലായിരിക്കും. ഒരു രൂപ പോലും നിങ്ങള്‍ കൈക്കൂലി നല്‍കേണ്ടതായി വരില്ലെന്നും ഞാന്‍ തന്നെ അവരെ ബോധ്യപ്പെടുത്തി”, മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങള്‍ സംബന്ധിച്ച നിസാന്‍ കമ്പനിയുടെ ആഗോള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയിലായിരിക്കും നടക്കുക.

ഇന്ത്യയില്‍ അക്രമങ്ങള്‍ നടക്കുന്നത് ഉത്തരേന്ത്യയിലാണ്. കേരളം അതില്‍ നിന്ന് ഭിന്നമാണ് എന്നും അവരെ മനസിലാക്കാന്‍ കഴിഞ്ഞതാണ് കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അഞ്ചു വര്‍ഷം കൊണ്ട് 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയും പുതിയ പവര്‍ പ്രോജക്ടുകളും എല്‍ ഡി എഫ് ഭരണകാലത്തു പൂര്‍ത്തിയാകുമെന്നും അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കോവളത്തെയും ആക്കുളത്തെയും ബന്ധിപ്പിക്കുന്ന പാര്‍വതി പുത്തനാര്‍ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും. 74 കിലോമീറ്റര്‍ നീളത്തിലുള്ള ജലമാര്‍ഗമുള്ള ടുറിസം പദ്ധതിയാണ് ഇതെന്നും പിണറായി പറഞ്ഞു.