സ്വര്‍ണ്ണത്തിനെ കടത്തിവെട്ടി ഇന്ത്യയിലെ ഇലക്ട്രോണിക് ഇറക്കുമതി ; ലാഭം മുഴുവന്‍ ചൈനക്കും
ഇറക്കുമതിയില്‍ സ്വര്‍ണ്ണത്തിനെ കടത്തിവെട്ടി ഇലക്ട്രോണിക് വിപണി കുതിയ്ക്കുന്നു. രാജ്യത്ത് ഇപ്പോള്‍ അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതും ഇലക്ട്രോണിക് ഉത്പന്നങ്ങളാണ്. അതില്‍ തന്നെ മുഖ്യമായി സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍ എന്നിവയാണ് രാജ്യത്തേയ്ക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്നത് ഏറ്റവും ബാധിക്കുന്നത് രൂപയുടെ മൂല്യത്തെയാണ്. മുഖ്യമായും ചൈനയില്‍ നിന്നാണ് ഇത്തരം ഉപകരണങ്ങള്‍ രാജ്യത്ത് എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി അല്പമെങ്കിലും ഇറക്കുമതിക്ക് തടയിടാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും പദ്ധതി വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല എന്നത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കൂടുന്നതിന് കാരണമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, പേഴ്‌സണല്‍ കംപ്യൂട്ടര്‍, ലാപ്‌ടോപ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് വന്‍തോതില്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇത് മൊത്തം ഉപഭോഗത്തിന്റെ 60 ശതമാനത്തിലേറെയാണ്.