ജെസ്ന മുണ്ടക്കയത് എത്തിയ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു ; ദൃശ്യങ്ങള്‍ കാണാതായ ദിവസം ഉള്ളത്
പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്നയുടെ ദൃശ്യങ്ങള്‍ മുണ്ടക്കയത്തുള്ള ഒരു കടയിലെ സി.സി.ടി.വിയില്‍ നിന്നു ലഭിച്ചു. മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാൻഡിനു സമീപമുള്ള കടയിലെ സി.സി.ടി.വിയില്‍ നിന്നാണു ജെസ്നയുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. കാണാതായ ദിവസം (മാര്‍ച്ച് 22) പകല്‍ 11.44 നു ബസ് സ്റ്റാൻഡിനടുത്തുള്ള കടയുടെ മുന്നിലൂടെ നടന്നു പോകുന്ന ജെസ്നയുടെ ദൃശ്യങ്ങളാണു സി.സി.ടി.വിയില്‍ നിന്നു ലഭിച്ചത്. ആറുമിനിറ്റിനു ശേഷം ജെസ്നയുടെ ആണ്‍സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്ന തന്നെയാണ് എന്നു സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചു. സഹപാഠികള്‍ ആണ്‍സുഹൃത്തിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജെസ്ന ധരിച്ചിരുന്നതു ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെ മൊഴി. എന്നാല്‍ മുണ്ടക്കയത്തു നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്. കൈയില്‍ ഒരു ബാഗും തോളില്‍ മറ്റൊരുബാഗും ഉണ്ടായിരുന്നു. പഴ്സ് വയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ചെറിയ ബാഗാണ് ഒരു വശത്തായി ഇട്ടിരിക്കുന്നത്. ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് ജെസ്ന മുണ്ടക്കയത്ത് എത്തിയ ശേഷം ഷോപ്പിങ്ങ് നടത്തിയതായി സൂചനയുണ്ട്. ഇതിനു വേണ്ടി മുണ്ടക്കയത്ത് അരമണിക്കൂര്‍ ചിലവഴിച്ചതായും സംശയമുണ്ട്.
നേരത്തെ ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നു പോലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരി നല്‍കിയ ഹര്‍ജി ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.