കെവിന്‍റെ കൊലപാതകം ഗൂഡാലോചനയില്‍ പങ്കില്ല ; മകള്‍ മാനസികരോഗി എന്ന് നീനുവിന്റെ അമ്മ
വിവാദമായ കെവിന്‍ കൊലപാതക കേസില്‍ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹന. കെവിനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അവര്‍ പറയുന്നു. നീനുവിന് മാനസിക പ്രശ്നങ്ങളുണ്ട്. അതിന്റെ പേരില്‍ അവള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവും മകനും താനും കുറ്റക്കാരല്ലെന്നും രഹന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നു എന്ന ആരോപണം അസത്യമാണ്. കെവിനുമായി അടുപ്പമുള്ള കാര്യം മകള്‍ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും വിവാഹം നടത്തികൊടുത്തേനെ എന്നും രഹന പറയുന്നു. അതുപോലെ മകന്‍ ഷാനു ചാക്കോ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞിരുന്നില്ല എന്നും താന്‍ ഒളിവില്‍ പോയെന്നത് തെറ്റാണ് എന്നും താന്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നു എന്നും രഹന പറയുന്നു. കെവിനുമായുള്ള വിവാഹത്തിന് ശേഷം നീനുവിനെ കാണാന്‍ കോട്ടയത്ത് പോയിരുന്നുവെങ്കിലും കരഞ്ഞു പറഞ്ഞിട്ടും കെവിനും അനീഷും മകളെ കാണാന്‍ അനുവദിച്ചില്ല.
ഇരുപതാം ജന്മദിനത്തിന് നീനുവിന് സ്‌കൂട്ടറും കഴിഞ്ഞ തവണ ഡയമണ്ട് നെക്ലസും മോതിരവും വാങ്ങി നല്‍കിയിരുന്നു. നെക്ലസും മോതിരവും ഇപ്പോള്‍ കാണുന്നില്ലെന്നും നീനു പോയപ്പോള്‍ അതും കൊണ്ടാണ് പോയത് എന്നും രഹന പറയുന്നു.