അഭിമന്യുവിന്‍റെ കൊലപാതകം ; എസ്.ഡി.പി.ഐയുമായി ഇനി യാതൊരു ബന്ധവും ഇല്ല എന്ന് പിസി ജോര്‍ജ്ജ്

എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. എറണാകുളം മഹാരാജാസ് കോളേജില്‍ പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കൊലപാതകത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കി.

അതേസമയം എസ്ഡിപിഐ അരുംകൊല ചെയ്ത മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി റെയ്ഡ്. കേസില്‍ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും പീരുമേട്ടില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നൂറോളം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ വന്‍ ഗൂഢാലോചയുണ്ടായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലാകെ 15 പ്രതികളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണമെന്നും കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.