ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു
ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ച ദമ്പതികള്‍ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്തു. കോട്ടയം ചങ്ങനാശ്ശേരിയിലെ വാകത്താനത്ത് സുനില്‍ – രേഷ്മ ദമ്പതികളാണ് മരിച്ചത്. വൈകീട്ട് 3.30ഓടെ വിഷം ഉള്ളില്‍ച്ചെന്ന് അവശരായ നിലയില്‍ കണ്ടെത്തിയ ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായിരുന്നു മരിച്ച സുനില്‍. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് പോലീസ് ഇവരെ ചോദ്യംചെയ്തത്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം.
തന്റെ സ്ഥാപനത്തില്‍നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്ന സിപിഎം നഗരസഭാംഗം സജി കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. എന്നാല്‍ പിന്നീട് ദമ്പതികള്‍ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി സജികുമാറിന്റെ കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു സുനില്‍. 600 ഗ്രാം സ്വര്‍ണ്ണം കാണ്മാനില്ല എന്ന പേരില്‍ ദമ്പതികളെ പതിനൊന്നു മണിക്കൂര്‍ നേരം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. അവസാനം സ്വര്‍ണ്ണത്തിന്റെ വിലയായ എട്ടുലക്ഷം രൂപ നല്‍കണം എന്ന ഉറപ്പിന്മേല്‍ എഴുതി ഒപ്പിട്ടു നല്‍കിയ ശേഷമാണ് ഇരുവരെയും പോകുവാന്‍ അനുവദിച്ചത്. ഇതേ തുടര്‍ന്നുള്ള മാനസിക വിഷമത്തേ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ചങ്ങനാശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. സജി കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനില്‍. സ്റ്റേഷനില്‍ വച്ച് സുനില്‍കുമാറിനെ പൊലീസ് അതി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി മരിച്ച സുനില്‍കുമാര്‍ പറഞ്ഞിരുന്നു. സജി കുമാര്‍ ഭീഷണിപ്പെത്തിയിരുന്നതായും ബന്ധു പറഞ്ഞു.