സീരിയലിന്‍റെ മറവില്‍ നടിയുടെ കള്ളനോട്ടടി ; കള്ളനോട്ട് സംഘത്തില്‍ കൂടുതല്‍ സീരിയല്‍ നടിമാര്‍ക്ക് പങ്ക് എന്ന് റിപ്പോര്‍ട്ട്
കൊല്ലം : വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ നടി സൂര്യയുടെ സംഘത്തില്‍ കൂടുതല്‍ നടിമാര്‍ ഉള്ളതായി പോലീസ് സംശയം. തിങ്കളാഴ്ച അണക്കരയില്‍ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ് (സാം-44), ബിഎസ്എഫ് മുന്‍ ജവാന്‍ കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍ (46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58) എന്നിവരില്‍നിന്നു ലഭിച്ച വിവരങ്ങളാണ് നടിയേയും കുടുംബാംഗങ്ങളെയും കുടുക്കാന്‍ കാരണമായത്.ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്.
എട്ടു മാസമായി ഇതിന്റെ തയാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു. ആദ്യഘട്ടമായി ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പിടികൂടിയത്. രണ്ടാംഘട്ടമായി അച്ചടിച്ച 57 ലക്ഷം രൂപ രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിര്‍മാണം ആരംഭിച്ച് എട്ടു മാസത്തിനുള്ളിലാണ് സീരിയല്‍ നടിയും സഹോദരിയും മാതാവും അറസ്റ്റിലാവുന്നത്. കൊല്ലത്ത് വനിതാ ഐജിയുടെ വീടിന് മുന്നിലായിരുന്നു കോടികളുടെ കള്ളനോട്ട് നിര്‍മാണം നടന്നത്. സ്വാമി എന്നറിയപ്പെടുന്ന ആളിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ അഭിനേത്രി സൂര്യ ശിവകുമാര്‍ (36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍ (ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരാണ് അറസ്റ്റിലായത്.
എട്ടു കോടി രൂപയുടെ കള്ളനോട്ട് നിര്‍മിക്കുകയായിരുന്നു ലഷ്യം. 57 ലക്ഷം രൂപയുടെ കള്ള് നോട്ടും അച്ചടിയന്ത്രങ്ങളും സീരിയല്‍ നടിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരുടെ മുളങ്കാട്ടെ വീട്ടില്‍നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും അച്ചടിച്ച 57 ലക്ഷത്തിന്റെ കള്ളനോട്ടും പിടിച്ചെടുത്തു. മുളങ്കാട്ടെ ആഢംബര വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് കള്ളനോട്ട് അച്ചടിച്ചുവന്നത്. ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. രണ്ടു പേപ്പറുകളിലായി അച്ചടിച്ച 500 രൂപ നോട്ടിന്റെ രണ്ടുവശവും ചേര്‍ത്തൊട്ടിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുണ്ടായിരുന്നത്.
ഒരു ലക്ഷം രൂപയ്ക്ക് മൂന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. കിട്ടുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്ന ധാരണയിലാണ് ഇവരില്‍നിന്നു 4.36 ലക്ഷം രൂപെ കെപ്പറ്റിയത്. സംഘത്തില്‍പ്പെട്ട ഏഴു പേരെക്കുറിച്ച് വിവരം ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച റെയ്ഡ് രാവിലെ പത്തോടെയാണ് അവസാനിച്ചത്. ഇവരുടെ വീട്ടില്‍ നിന്നും ധനാകര്‍ഷണ യന്ത്രവും മറ്റും കണ്ടെത്തിയിട്ടുണ്ട്. സ്വാമി പൂജിച്ചു നല്‍കിയ യന്ത്രമാണെന്നാണ് സൂര്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സൂര്യയുടെ ആദ്യ വിവാഹം വേര്‍പെടുത്തിയിരുന്നു.
സ്വാമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലിന്റെ വക്കിലാണ്. സഹോദരി ശ്രൂതി മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായി ഒരുമിച്ചു കഴിയുകയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍ എന്ത് കാര്യം നടന്നാലും സ്വാമിയുടെ സഹായം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സീരിയലുകളില്‍ അഭിനയിച്ചിരുന്നെങ്കിലും പെട്ടെന്ന് കൂടുതല്‍ പണം ഉണ്ടാക്കണമെന്ന ആഗ്രഹമാണ് സ്വാമിയുമായി ഇവരെ ബന്ധിപ്പിച്ചത്. വീട്ടില്‍ പ്രത്യേക പൂജകള്‍ ചെയ്യാന്‍ വ്യാജസ്വാമി മാസംതോറും എത്തുമായിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം ഇവരുമായി അടുത്ത ബന്ധമുള്ള മറ്റു ചില സീരിയല്‍ നടിമാര്‍ കൂടി നിരീക്ഷണത്തിലാണ്.