അഭിമന്യുവിന്‍റെ കൊലപാതകം ; അന്വേഷണത്തില്‍ പഴുതടച്ച് പൊലീസ്; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നിര്‍ദേശം

മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവര്‍ക്കു നേരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നിയമ ഉപദേശം തേടിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വാഗമണ്‍ സിമി ക്യാമ്പ് കേസിലും തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലും ഉള്‍പ്പെട്ട ചിലര്‍ മഹാരാജാസ് ആക്രമണസംഘവുമായി ബന്ധപ്പെട്ടെന്നും സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണു യുഎപിഎ ചുമത്താന്‍ പൊലീസ് ആലോചിക്കുന്നത്. തൊടുപുഴ കൈവെട്ടു കേസിലെ രണ്ടുപേര്‍ മാത്രമാണു ജയിലിലുള്ളത്. മറ്റു പ്രതികള്‍ പുറത്താണ് ഇതു സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ കൊലയാളികള്‍ മരണം ഉറപ്പാക്കുന്ന രീതിയില്‍ കത്തി പ്രയോഗിച്ചതാണ് അന്വേഷണം തീവ്രവാദബന്ധമുള്ളവരിലേക്കു തിരിച്ചുവിട്ടത്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) തേടിയിട്ടുണ്ട്. അഭിമന്യുവിനെ ആരുംകൊല നടത്തിയ സംഘടനകള്‍ എന്‍.ഐ.എയുടെ നോട്ടപ്പട്ടികയിലുള്ളവയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. പ്രാഥമികാന്വേഷണം ആരംഭിച്ചത്.
എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും തീവ്രവാദസ്വഭാവമുള്ള കേസായതിനാല്‍ യാതൊരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ യു.എ.പി.എ ചുമത്തുമെന്നാണു സൂചന. കോളജിനു മുന്നിലെ സി സി ടിവിയില്‍നിന്ന് അക്രമികളുടെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വ്യക്തമല്ല. അതുപോലെ പഴുതടചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നതും. എത്രയുംവേഗം പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ തലത്തില്‍ കടുത്ത സമ്മര്‍ദവും പോലീസിന് മേല്‍ ഉണ്ട്.