താന്‍ നിരപരാധി ; കേസ് റദ്ദാക്കണമെന്ന് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍
പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നതെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഇവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഔദ്യോഗികവാഹനം ഓടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ഗവാസ്‌കറോട് ജൂണ്‍ 13ന് സുധേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ 14ാം തിയതി വീണ്ടും ഗവാസ്‌കര്‍ തന്നെ വാഹനവുമായി എത്തുകയായിരുന്നു.
ഈ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തര്‍ക്കത്തിന് ഇടയാക്കിയതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. സംഭവദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയ ശേഷം സുധേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്‌ക്കോളാന്‍ ഗവാസ്‌കറിനോട് പറഞ്ഞിരുന്നു. എന്നാല്‍ വ്യായാമം കഴിഞ്ഞ് മടങ്ങിവന്നപ്പോഴും ഗവാസ്‌കര്‍ അവിടെ തന്നെയുണ്ടായിരുന്നു. എന്തുകൊണ്ട് മടങ്ങിപ്പോയില്ലെന്ന് ചോദിച്ചപ്പോള്‍ ഗവാസ്‌കര്‍ ക്ഷോഭിച്ച് സംസാരിച്ചെന്നും എ ഡി ജി പിയുടെ മകള്‍ ഹര്‍ജിയില്‍ പറയുന്നു. ഗവാസ്‌കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ജാതിപ്പേരു വിളിച്ച് തന്നെ ഗവാസ്‌കര്‍ ആക്ഷേപിച്ചെന്നും ഹര്‍ജിക്കാരി ആരോപിച്ചു. ഹര്‍ജി ഇന്നുതന്നെ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോടെയാണ് സമര്‍പ്പിച്ചിരിക്കുന്നത്.