മരണത്തിന് ഉത്തരവാദി സിപിഎം കൗണ്‍സിലര്‍ തന്നെ ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ത്തരവാദി സിപിഎം കൗണ്‍സിലര്‍ തന്നെ എന്ന് ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ്. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സി പി എം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ എത്തിയ ഇരുവരും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. രേഷ്മ എഴുതിയെന്നു കരുതുന്ന കുറിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. സ്വര്‍ണം മോഷ്ടിച്ചെന്ന് പോലീസ് മര്‍ദിച്ച് എഴുതി വാങ്ങുകയായിരുന്നു.
ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി പി എം കൗണ്‍സിലര്‍ സജികുമാറാണ്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സജികുമാര്‍ തന്നെയാണ് സ്വര്‍ണം വിറ്റത്. 100 ഗ്രാം സ്വര്‍ണം മാത്രമേ തങ്ങളുടെ ഭാഗത്തുനിന്ന് നഷ്ടപ്പെട്ടിട്ടുള്ളു. എന്നാല്‍ 400 ഗ്രാം സ്വര്‍ണം എടുത്തുവെന്ന് പോലീസ് മര്‍ദിച്ച് മൊഴിയെടുക്കുകയായിരുന്നു. അതിനാലാണ് ആത്മഹത്യയിലേക്ക് പോകുന്നത് എന്നും കത്തില്‍ പറയുന്നു. അതേസമയം തങ്ങള്‍ ഇവരെ മര്‍ദിച്ചിട്ടില്ല എന്നാണു പോലീസ് പറയുന്നത് എങ്കിലും പോലീസ് മര്‍ദിച്ചതിലെ മനോവിഷമത്താലാണ് സുനിലും രേഷ്മയും ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംഭവം വിവാദമായതിനു പിന്നാലെ ചങ്ങനാശ്ശേരി എസ്.ഐ. ഷെമീര്‍ഖാനെ സ്ഥലംമാറ്റി. ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. പ്രകാശന്‍ ടി. പടന്നയിലിന് അന്വേഷണച്ചുമതല നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ബുധനാഴ്ച വൈകുന്നേരം നാലിനു മുമ്പ് എട്ട് ലക്ഷം രൂപ സജികുമാറിന് കൈമാറണമെന്ന് പറഞ്ഞുെവന്നും ഇത് നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍ ഫോണില്‍ വിളിച്ച് അറിയിച്ചതായി ജ്യേഷ്ഠന്‍ അനില്‍ പറഞ്ഞു. സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍, ഹിദായത്ത് നഗറിലുള്ള നഗരസഭാംഗം ഇ.എ.സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി സ്വര്‍ണപ്പണി ചെയ്യുകയായിരുന്നു.