ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു ; ജിഎൻപിസിക്ക് പൂട്ടിടാന്‍ എക്സൈസ് വകുപ്പ് രംഗത്ത്
നിലവില്‍ വന്നു കുറച്ചു നാള് കൊണ്ട് തന്നെ ലക്ഷക്കണക്കിന് അംഗങ്ങളെ സ്വന്തമാക്കിയ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ എക്സൈസ് വകുപ്പ് നടപടിക്കൊരുങ്ങുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന് ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മ അവകാശം ഉന്നയിക്കുണ്ട് എങ്കിലും ഈ വാദം മദ്യവിരുദ്ധ സംഘടനകള്‍ തള്ളുകയാണ്. ജിഎന്‍പിസി എന്ന കൂട്ടായ്മയില്‍ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിനെതിരേ നിയമനടപടികള്‍ക്കും മദ്യനിരോധന സംഘടനകള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും ജിഎന്‍പിസി ഫേസ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അതിനെ തുടര്‍ന്ന് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകളില്‍ എക്സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പില്‍ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ തന്നെയാണു ഗ്രൂപ്പില്‍ ഭൂരിഭാഗവും. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ ഇപ്പോള്‍ ജിഎന്പിസിയില് അംഗങ്ങളാണ്.
കേരളത്തിലെ കളളുഷാപ്പിലെ വിശേഷങ്ങള്‍ മുതല്‍ അമേരിക്കയിലേയും യൂറോപ്പിലേയും വന്‍കിട മദ്യശാലകളിലെ വിശേഷങ്ങളും ഗള്‍ഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎന്പിസിയില് ഷെയര്‍ ചെയ്യപ്പെടുന്നു. ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അഡ്മിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പരസ്യമാകൂ. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസിയെന്ന് അജിത്ത് കുമാര്‍ അടുത്തിടെ ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജിഎന്‍പിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്.
ജിഎന്‍പിസി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം, പുതിയ ബ്രാന്‍ഡുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂട്ടായ്മ വഴി പ്രചരിക്കുന്നത്. 2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ 17 ലക്ഷം അംഗങ്ങള്‍ നിലവിലുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല്‍ അജിത്ത്കുമാറാണ് ഗ്രൂപ്പ് അഡ്മിന്.