‘നെയ്മറെ ഫൗള്‍ ചെയ്യുമ്പോള്‍ റഫറി എവിടെ നോക്കി നില്‍ക്കുകയാണ്’ : റൊണാള്‍ഡോ

ബ്രസീലിന്റെ സൂപ്പര്‍ താരമായ നെയ്മറെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ട്രോളി കൊല്ലുകയാണ് കളിക്കളത്തില്‍ ഓരോ തവണ ചലഞ്ച് ചെയ്യപ്പെടുമ്പോഴും വീഴുകയും അമിതാഭിനയം കാഴ്ചവയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഫുട്ബോള്‍ ലോകത്തു നിന്നും നെയ്മര്‍ക്കെതിരെ ഉയരുന്ന കടുത്ത വിമര്‍ശനം. എന്നാല്‍ പരിഹാസം അതിരുവിട്ടപ്പോള്‍ താരത്തിന് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

നെയ്മറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളൊക്കെ അസംബന്ധമാണ് എന്നാണ് റൊണാള്‍ഡോ പറയുന്നത്. ‘ ഫുട്ബോള്‍ കണ്ടിട്ട് വേറെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. ഇത് പക്ഷെ തീര്‍ത്തും അസംബന്ധമാണ്.’ റൊണാള്‍ഡോ പറഞ്ഞു.

‘ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ എതിരാണ് ഞാന്‍. അതിസമര്‍ത്ഥനായ കളിക്കാരനാണ് നെയ്മര്‍. അദ്ദേഹത്തെ എതിരാളികള്‍ മന:പൂര്‍വം ഫൌള്‍ ചെയ്യുകയാണ് . റഫറി നെയ്മര്‍ക്കനുകൂലമായി നടപടികള്‍ കൈക്കൊള്ളുന്നില്ല. നെയ്മറെ ഫൗള്‍ ചെയ്യുമ്പോള്‍ പലപ്പോഴും റഫറി വെറും നോക്കുകുത്തികളായിരിക്കുകയാണ് . അദ്ദേഹത്തിനെതിരെ ഇങ്ങനെ ആക്ഷേപമുന്നയിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ല. മാധ്യമങ്ങള്‍ കോളം നിറയ്ക്കാന്‍ വായില്‍ തോന്നിയത് പടച്ചുവിടുകയാണ്’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച വെക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റുകളുമായി തിളങ്ങി നില്‍ക്കുകയാണ് സൂപ്പര്‍ താരം,.വെള്ളിയാഴ്ച ബെല്‍ജിയത്തിനെതിരെയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.