സണ്‍സ്‌ക്രീന്‍ ലോഷന്‍ നല്ലതാണ് ; എന്നാല്‍ അപകടകാരിയുമാണ്
വെയിലത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ശരീരത്തിന് നല്ലതാണ്. കൂടുതലും സ്ത്രീകളാണ് നമ്മുടെ നാട്ടില്‍ ഇവ ഉപയോഗിക്കുന്നത്. ആഗോളതാപനം മൂലം നമ്മുടെ നാട്ടിലും ഇപ്പോള്‍ പകല്‍ സമയം പുറത്തിറങ്ങുമ്പോള്‍ കനത്ത വെയില്‍ ആണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഈ ക്രീമിന്റെ ഉപയോഗം മലയാളികളിലും കൂടുതലാണ്. സ്‌പ്രേ, ജെല്‍, ക്രീം, ലോഷന്‍ രൂപത്തിലെല്ലാം സണ്‍സ്‌ക്രീനുകള്‍ ലഭ്യമാണ്. വെയിലത്തിറങ്ങുമ്പോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കരിവാളിപ്പ് മാറാന്‍ സണ്‍ സ്‌ക്രീന്‍ നല്ലതാണ്. അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സണ്‍സ്‌ക്രീന് അള്‍ട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവുണ്ട്. ഇതിന് പുറമെ സൂര്യപ്രകാശമേറ്റ് ചര്‍മം കരുവാളിക്കുകയും കറുക്കുകയും ചെയ്യുന്നതില്‍ നിന്ന് സണ്‍സ്‌ക്രീന്‍ ചര്‍മത്തെ സംരക്ഷിക്കും. കടുത്ത വെയിലും ചൂടും കാരണം ചര്‍മത്തില്‍ അലര്‍ജിയുണ്ടാകുന്നവരുണ്ട്. ഇത്തരം ചര്‍മപ്രശ്നങ്ങള്‍ തടയാനും സണ്‍സ്‌ക്രീന്‍ സഹായകമാണ്. എന്നാല്‍ ഇതിനും ചില ദൂഷ്യവശങ്ങള്‍ ഉണ്ട് എന്നതാണ് സത്യം.
സിങ്ക് ഓക്‌സൈഡ് ടൈറ്റനിയം ഡൈഓക്‌സൈഡ് എന്നിവയാണ് സണ്‍ സ്‌ക്രീനില്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇവ ചര്‍മ്മത്തില്‍ ഒരു കവചം തീര്‍ക്കുകയും അതുവഴി സൂര്യരശ്മികള്‍ ചര്‍മ്മത്തില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്യും. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ക്രീമുകളില്‍ ഉപയോഗിക്കുന്ന മറ്റു കെമിക്കലുകള്‍ ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് അപകടകരമാകാറുണ്ട്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ സണ്‍ സ്‌ക്രീനില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകാറുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. 96 ശതമാനം സണ്‍ സ്‌ക്രീന്‍ ലോഷനുകളിലും കെമിക്കലുകള്‍ ഉണ്ട്. Oxybenzone എന്നൊരു തരം കെമിക്കല്‍ മിക്ക ക്രീമുകളിലും കാണാറുണ്ട്. ഇത് എന്‌ടോക്രയിന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ താരുമാറാക്കുകയും സ്ത്രീപുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാന്‍ സാധ്യത ഉണ്ട് എന്നും പറയപ്പെടുന്നു. ഇത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വരെ അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
Benzophenones എന്നൊരു കെമിക്കലും സണ്‍ സ്‌ക്രീന്‍ ലോഷനുകളില്‍ കാണാറുണ്ട്. ഇത് സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതുപോലെ മുഖത്ത് ഇടുന്ന സമയം ഇവ കണ്ണില്‍ പോയാല്‍ വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും തോന്നുന്നതിന് പിന്നിലും ഈ കെമിക്കല്‍ സാന്നിധ്യമാണ്. അതുപോലെ തൊലി പുറത്തെ ട്യൂമര്‍ വളര്‍ച്ചയ്ക്കും സണ്‍ സ്‌ക്രീനിലെ ഇത്തരം കെമിക്കലുകള്‍ കാരണമാകാറുണ്ട് എന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ നമ്മുടെ നാട്ടില്‍ ലഭിക്കുന്നതില്‍ പകുതിയും ചൈനീസ് നിര്‍മ്മിത വ്യാജ ക്രീമുകള്‍ ആണ് അത് വാങ്ങി ഉപയോഗിക്കുന്നത് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് വരെ കാരണമാകുവാന്‍ സാധ്യതയുണ്ട്.