ജൂണില്‍ ആകെ വിറ്റത് മൂന്ന് കാര്‍ ; വിപണിയില്‍ കനത്ത തിരിച്ചടി ; നാനോ കാറിന്റെ മരണമണി മുഴങ്ങുന്നു
സാധാരണക്കാരന് ഒരു കാര്‍ എന്ന നിലയില്‍ വിപണിയില്‍ എത്തിയ നാനോകാറിന്റെ മരണമണി മുഴങ്ങി തുടങ്ങി. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ടാഗോടെ എത്തിയ ടാറ്റായുടെ നാനോയുടെ നിര്‍മാണം പൂര്‍ണ്ണമായും നിര്‍ത്തുന്നു എന്ന സൂചനയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. ജൂണ്‍ മാസത്തില്‍ ഒറ്റ കാര്‍ മാത്രമാണ് നിര്‍മിച്ചത്. അതുപോലെ നാനോയുടെ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റത്.
2017 ജൂണില്‍ ഉത്പാദനം 275 കാറുകളായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇതേ മാസത്തില്‍ വില്പനയായത് 167 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 നാനോ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ഈ ജൂണില്‍ എക്‌സ്‌പോര്‍ട്ട് വട്ടപൂജ്യമാണ്.
ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ‘ബ്രെയിന്‍ ചൈല്‍ഡ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ ഉത്പാദനം നിര്‍ത്തുകയാണോ എന്ന് ഒരു സാമ്പത്തിക ദിനപത്രം ആരാഞ്ഞപ്പോള്‍ ടാറ്റയുടെ വക്താവിന്റെ മറുപടി ഇങ്ങനെ – ഇന്നത്തെ നിലയില്‍ നാനോയ്ക്ക് 2019നപ്പുറം പോകാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. നിലനില്‍ക്കണമെങ്കില്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ കസ്റ്റമര്‍ ഡിമാന്റുള്ള കീ മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരുമെന്നാണ് കമ്പനിയുടെ നിലപാട്. 2008ലെ ഡല്‍ഹി ആട്ടോ എക്‌സ്‌പോയിലാണ് ടാറ്റ നാനോയുടെ ചരിത്രം തിരുത്തിയ രംഗപ്രവേശം.
‘ഒരു ലക്ഷം രൂപയ്ക്കു കാര്‍’ എന്ന രത്തന്‍ ടാറ്റയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ലോകം വരവേറ്റത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ഖ്യാതി നേടിയ നാനോ ആദ്യ ഘട്ടത്തില്‍ വിപണിയില്‍ താരമായി. എന്നാല്‍ മെല്ലെ അതിനോടുള്ള താല്പര്യം കുറഞ്ഞു വന്നു. സാങ്കേതിക തകരാറുകള്‍ കൂടുതല്‍ പ്രശ്‌നമായി. ഇന്ധന ടാങ്ക് മുന്പിലാണെന്നത് അപകട സാധ്യത കൂട്ടുന്ന ഘടകമായി. കാറിന് തീ പിടിച്ച സംഭവങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടായി. വില രണ്ടു ലക്ഷത്തിന് അടുത്താവുകയും ചെയ്തതും വിപണിയില്‍ തിരിച്ചടിയായി. ഇതെല്ലാം കസ്റ്റമേഴ്‌സിനെ നാനോയില്‍ നിന്ന് അകറ്റി. ബംഗാളിലെ സിംഗൂരിലാണ് ഫാക്ടറി ആദ്യം സ്ഥാപിച്ചത്. എന്നാല്‍ വന്‍ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ഫാക്ടറി അവിടെ നിന്നും ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റേണ്ടി വന്നു. ബംഗാളില്‍ ഇടതു ഭരണം അവസാനിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സിംഗൂര്‍ പ്രക്ഷോഭമായിരുന്നു.