ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍ രംഗത്ത്

പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍ രംഗത്ത്. തനിക്കെതിരായ പീഡന പരാതി പുറത്ത് പറഞ്ഞാല്‍ വധിക്കുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്ന് കന്യാസ്ത്രീയുടെ അച്ഛന്‍ പറയുന്നത്. മദര്‍ സുപ്പീരയറിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. ഇക്കാര്യം മകള്‍ തന്നെ കത്ത് മുഖേനയാണ് അറിയിച്ചത്. ഇങ്ങനെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയ വിവരം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിച്ചിരുന്നു.

ബിഷപ്പ് ബലാത്സംഗം ചെയ്തായി പരാതി കൊടുത്ത കന്യാസ്ത്രീക്കെതിരേ ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പരാതി എഴുതിവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തായി പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീ നല്‍കിയതിന് സമാനമായ മൊഴി ഇവര്‍ അന്വേഷണ സംഘത്തിന് നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് രാവിലെ 11 നാണ് കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം കന്യാസ്ത്രീ പറഞ്ഞ വിവരം മാത്രമേ തങ്ങള്‍ക്ക് അറിയൂ. കന്യാസ്ത്രീക്ക് ബിഷപ്പ് സന്ദേശമയച്ചതായി പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.