വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ നിയമം വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകാരം നിര്‍ബന്ധമാക്കി സ്വാശ്രയ കോളേജുകളിലടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് അനുവാദം നല്കുന്ന പുതിയ നിയമം വരുന്നു. എറണാകുളം മഹാരാജാസ് കോളെജില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സാഹചര്യത്തില്‍ ക്യാമ്പസിനുള്ളിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ മാനേജ്മെന്റുകള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ വെളിച്ചത്തിലാണ് നിര്‍ദ്ദേശം.
വിദ്യാര്‍ത്ഥി സംഘടനകളുടെ രജിസ്ട്രേഷനായി സെക്രട്ടറി തലത്തില്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാക്കാനാണ് തീരുമാനം. ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടന രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമുള്ള നിയമമാണ് അനുശാസിക്കുന്നത്.
സംഘടനാ പ്രവര്‍ത്തനം വിലക്കിയതോടെ വിദ്യാര്‍ത്ഥികള്‍ തീവ്ര നിലപാടുള്ള സംഘടനകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാനേജ്മെന്റുകള്‍ കരിനിയമങ്ങള്‍ നടപ്പാക്കുന്നുവെന്ന പരാതിയും ഏറിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ സംഘടനയുടെ നിയമാവലിയും പ്രധാന ഭാരവാഹിയുടെ പേരുകളുള്പ്പെടെയുള്ള വിശദാംശങ്ങളും സഹിതമാണ് രജിസ്ട്രേഷനായി അപേക്ഷിക്കേണ്ടത്. ഇതുപ്രകാരം സര്‍ക്കാര്‍ അംഗീകരിച്ച സംഘടനകള്‍ക്കാകും ക്യാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുക.
രജിസ്റ്റര്‍ ചെയ്തതിനു ശേഷം അനുമതി ലഭിച്ച സംഘടനകള്‍ക്ക് ക്യാമ്പസിനുള്ളില്‍ കുട്ടികളെ വ്യക്തിപരമായോ കൂട്ടമായോ ബാധിക്കുന്ന ഏത് പ്രശ്നത്തിലും ഇടപെടാം. കുട്ടികളുടെ അവകാശം, ക്ഷേമം തുടങ്ങിയ കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം. വിദ്യാര്‍ത്ഥികളെ ബാധിക്കുന്നുവെന്ന് ആശങ്കയുള്ളതും നിയമവിരുദ്ധവും യുക്തിരഹിതവുമായ തീരുമാനങ്ങളും നിര്‍ദേശങ്ങളും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അതിന് പരിഹാരം ആവശ്യപ്പെടാനും അധികാരമുണ്ടാകും. അധികൃതരുടെ നടപടി മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യവും സംഘടനകള്‍ക്ക് ഏറ്റെടുക്കാം. ക്യാമ്പസിനകത്തും പുറത്തും സംഘടനകള്‍ക്ക് വിവിധ വിഷയങ്ങളില്‍ സംവാദം സംഘടിപ്പിക്കാം.
വിദ്യാര്‍ത്ഥികള്‍ക്ക് ആയുധ രഹിതരായി സംഘടിക്കുന്നതിനും ആശയ പ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും നിയമപരമായ പിന്‍ബലം നല്‍കുന്നതാണ് പുതിയ നിയമം. വര്‍ഗ്ഗീയത അടിസ്ഥാനമാക്കി തരംതിരിഞ്ഞ് സംഘടിക്കുന്നതും മതേതരത്വത്തിന് കോട്ടം തട്ടുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വിലക്കും.