അതിരൂപതയിലെ വിവാദ ഭൂമിയിടപാട് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്
ഡല്‍ഹി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക് നീങ്ങുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ കേസ് എടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് എതിരെ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനിടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വിവാദ ഭൂമി ഇടപാടിലെ ഇടനിലക്കാരനമായ സാജു വര്‍ഗീസും സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു.
സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിനെ കുറിച്ചുള്ള പരാതിയില്‍ കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്നും ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ കേസ് റെജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് എതിരെ ആണ് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളി സുപ്രിം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. ഭൂമി ഇടപാടിനെ സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ലെന്ന് നേരത്തെ സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്ന വേളയില്‍ മാര്‍ട്ടിന്‍ പയ്യമ്പള്ളിക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചിരുന്നു.
ഇതിനിടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വിവാദ ഭൂമി ഇടപാടിലെ ഇടനിലക്കാരനും ആയ സാജു വര്‍ഗീസും സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് എതിരെ ഇടക്കാല വിധി പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിവാദ ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെയും പൊലീസിനെയും സമീപിച്ച ഷൈന്‍ വര്‍ഗീസും അടുത്ത ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് എതിരെ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്യും.