+5 ല്‍ തുടങ്ങുന്ന നമ്പറുകള്‍ സൂക്ഷിക്കാന്‍ കേരളാ പോലീസ് നിര്‍ദേശം
നിങ്ങളുടെ ഫോണുകളില്‍ വരുന്ന +5 എന്ന് തുടങ്ങുന്ന നമ്പറുകളില്‍ തുടങ്ങുന്ന അജ്ഞാത ഫോണ്‍ കോളുകള്‍ സ്വീകരിക്കരുത് എന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഈ നമ്പരില്‍ ജാഗ്രത പാലിക്കണം എന്ന നിര്‍ദേശം വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നാണ് വിവരം. വൈകീട്ടോടെയാണ് തട്ടിപ്പുഫോണ്‍വിളികളാണ് ഇവയെന്ന് തിരിച്ചറിഞ്ഞത്. +5 ല്‍ തുടങ്ങുന്ന നിരവധി നമ്പറുകളില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറില്‍ നിന്നുള്ള മിസ്ഡ് കോള്‍ കണ്ട് തിരികെ വിളിച്ചവരുടെ ഫോണ്‍ബാലന്‍സ് വന്‍തോതില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
+591, +365, +371, +381, +563, +370, +255, +1869,+993 എന്നീ നമ്പറുകളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറുകളില്‍ നിന്നും തട്ടിപ്പുഫോണ്‍കോളുകള്‍ വരുന്നുണ്ട്. +5 ല്‍ തുടങ്ങുന്ന നമ്പര്‍ ബൊളീവിയയില്‍ നിന്നാണെന്നാണ് സ്മാര്‍ട്‌ഫോണുകളില്‍ കാണിക്കുന്നത്. പോലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നു. അതേസമയം കസാഖിസ്ഥാന്‍, ഇറാഖ്, ഇറാന്‍, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ നമ്പറുകളില്‍ നിന്നും ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഈ രാജ്യങ്ങളില്‍ നിന്നു തന്നെയാണോ യഥാര്‍ത്ഥത്തില്‍ കോളുകള്‍ വരുന്നതെന്നോ അല്ലെങ്കില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ അവയെന്നോ വ്യക്തമല്ല. ഫോണ്‍ വിളി അറ്റന്‍ഡ് ചെയ്തപ്പോള്‍ മറുപുറത്ത് നിന്നും ഇംഗ്ലീഷ് ഭാഷയില്‍ ചീത്തവിളി കേള്‍ക്കേണ്ടി വന്നവരുണ്ട്.