ഉപ്പും മുളകും വിവാദം ; നിഷയെ മമ്മൂട്ടി വിളിച്ചു; സംവിധായകനെ മാറ്റാതെ സീരിയലില്‍ ഇനി അഭിനയിക്കില്ല
നടി നിഷ സാരംഗിന് പിന്തുണയുമായി മലയാള സിനിമയിലെ താരസംഘടനയായ എ.എം.എം.എ രംഗത്ത്. നടി മാല പാര്‍വതിയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നിഷയ്ക്ക് എ.എം.എം.എ പിന്തുണ നല്‍കിയ കാര്യം അറിയിച്ചത്. കൂടാതെ നിഷയെ മമ്മൂട്ടി വിളിച്ച് സംസാരിച്ചിരുന്നുവെന്നും നിഷയോട് തന്റെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കാന്‍ പറഞ്ഞതായും മാല തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. നിഷയെ വിളിച്ച് AMMA സപ്പോര്‍ട്ട് അറിയിച്ചെന്നും, അപ്പോള്‍ തന്നെ മമ്മൂക്ക വിളിച്ചെന്നും ചാനലില്‍ കോംപ്രമൈസ് ടോക്കിന് വിളിച്ചിട്ടുണ്ട്. പോകാന്‍ ഒരുങ്ങുകയാണെന്നും നിഷ പറഞ്ഞതായും മാല പറയുന്നു.
ഷൂട്ടിംഗ് സമയം മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സംവിധായകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്നും നീക്കം ചെയ്‌തെന്നും നിഷ ആരോപിച്ചിരുന്നു. ഇതോടെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെതിരേ കടുത്ത പ്രതികരണമാണ് ഉയര്‍ന്ന് വന്നത്. അതേസമയം സംവിധായകനെ മാറ്റാതെ സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന് നിഷ വ്യക്തമാക്കി. ഇന്നലെ സംവിധായകനെതിരെ നടി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.ഈ പശ്ചത്താലത്തില്‍ ചാനലിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലാണ് ചാനലിന്റെ പ്രതികരണം. നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
സംവിധായകനെ മാറ്റുന്നത് സംബന്ധിച്ചോ നടി ഉന്നിയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചോ ചാനല്‍ ഇതു വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അറനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചതെന്നും ചാനല്‍ വ്യക്തമാക്കിയത്. എന്നാല്‍ മിനുറ്റുകള്‍ക്കകം ചാനലിന്റെ നിലപാട് തള്ളി നടി രംഗത്തെത്തുകയായിരുന്നു. അതേസമയം, വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. സംവിധായകനെതിരെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദേശം നല്‍കി.