സ്വന്തം ഡാന്‍സ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്‍സ്റ്റാഗ്രാമിലൂടെ പ്രശസ്തയായ ഇറാന്‍ സ്വദേശിനി ഹോജാബ്രിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വീഡിയോ പങ്കുവെച്ചതിന് ഇറാനിയന്‍ പോലീസ് നിരവധി യുവതീ യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് ആറുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഹോജാബ്രിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ ഹോജാബ്രിയും അറസ്റ്റിലായ മറ്റു യുവതീയുവാക്കളും ഇറാന്‍ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് കുറ്റസമ്മതം നടത്തിയ വീഡിയോ ഇറാന്‍ അതോറിറ്റി പുറത്തു വിട്ടിരുന്നു.

ഇന്‍സ്റ്റാഗ്രാമിലെ തന്റെ ഫോളോവേഴ്‌സിനു വേണ്ടിയാണ് വീഡിയോ പങ്കുവെച്ചതെന്നും ചെയ്ത തെറ്റിന് മാപ്പു ചോദിക്കുന്നുവെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ദൃശ്യത്തിലെ യുവതിയുടെ മുഖം അവ്യക്തമായതുകൊണ്ട് ഇത് ഹോജാബ്രിയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.