ദിലീപ് വിഷയം ; വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരികെയടുത്ത സംഭവത്തില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് സംഘടനയിലേക്ക് മടങ്ങി വരുന്നില്ല എന്ന് പ്രഖ്യാപിച്ചതോടെ സാങ്കേതികമായും നിയമപരമായും അദ്ദേഹം സംഘടനയ്ക്ക് പുറത്താണെന്നും തങ്ങള്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന ആരും സംഘടനാ യോഗത്തില്‍ വന്ന് തങ്ങളുടെ വിയോജിപ്പ് അറിയിച്ചിട്ടില്ല. അന്ന് ദിലീപിനെ പുറത്താക്കിയത് സംഘടന രണ്ടായി പിളരുമെന്ന സാഹചര്യത്തിലാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റുകാരന്‍ അല്ലെന്ന് തെളിഞ്ഞാല്‍ ദിലീപിനെ തിരികെയെടുക്കും.നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത അവസരത്തില്‍ പെട്ടെന്ന് കൂടിയ യോഗമായിരുന്നു നടനെ പുറത്താക്കിയത്. നടനെ സസ്‌പെന്‍ഡ് ചെയ്യണം, മാറ്റി നിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ അന്ന് യോഗത്തിലുണ്ടായി. അന്ന് പെട്ടെന്ന് തീരുമാനമെടുത്തു. സംഘടനയുടെ പിളര്‍പ്പ് ഒഴിവാക്കാനായിട്ടാണ് അന്ന് തീരുമാനമെടുത്തത്. പക്ഷേ പിന്നീട് പരിശോധിച്ചപ്പോള്‍ സംഘടനയുടെ നിയമപ്രകാരം ഇതു സാധ്യമല്ലെന്ന് കണ്ടെത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും രമ്യാ നമ്പീശനും മാത്രമാണ് രാജി നല്‍കിയിട്ടുള്ളത്. പുരുഷമേധാവിത്വം സംഘടനയിലില്ല. ദിലീപിനെതിരെ ആരും യോഗത്തില്‍ പ്രതിഷേധം ഉന്നയിച്ചില്ല. യോഗത്തില്‍ അഭിപ്രായം പറയാതെ പലരും തങ്ങളുടെ അഭിപ്രായം പുറത്ത് പറയുകയാണ്. നിഷാ സാരംഗ് ഉന്നയിച്ച വിഷയങ്ങളില്‍ ഫ്‌ളവേഴ്‌സ് ടിവിയുമായി സംഘടന ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ നിഷാ സാരംഗിന് ഒപ്പമാണ്. വനിതാ പ്രാതിനിധ്യം സംഘടനയില്‍ വര്‍ധിപ്പിക്കണം. ഒരു സിനിമയെങ്കിലും സംഘടനാ അംഗങ്ങള്‍ എല്ലാ വര്‍ഷവും അഭിനയിക്കണം. അതിനായി സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കും. ഇന്ന് നടന്നത് എക്‌സിക്യൂട്ടീവ് യോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാരണത്താലാണ് കഴിഞ്ഞ യോഗത്തില്‍ ദിലീപിനെ പുറത്താക്കിയ തീരുമാനം മരവിപ്പിച്ചത്. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെതിരെ ആരും അഭിപ്രായം പറഞ്ഞില്ല. ദിലീപ് തെറ്റുകാരനാണോ എന്ന് അറിയില്ല. പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയത്. അതു പ്രയോഗികമായി സംഘടനയുടെ നിയമപ്രകാരം നടപ്പിലാക്കാന്‍ സാധിക്കുകയില്ലയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മരവിപ്പിക്കാനായി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ മാറ്റിനിര്‍ത്തിയിട്ടില്ല. അവര്‍ക്ക് ആവശ്യമുള്ള സഹായം നല്‍കാന്‍ സംഘടന തയ്യാറാണ്. തന്റെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ല.
ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ തങ്ങള്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. അത് വരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. എഎംഎംഎ സംഘടനയുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങള്‍ പലതും ആവശ്യമില്ലാത്തതാണ്. മാധ്യമങ്ങളെ കഴിഞ്ഞ തവണത്തെ യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് തെറ്റാണ്. അതിന് താന്‍ മാപ്പ് ചോദിക്കുന്നു. ഇനി അത് ആവര്‍ത്തിക്കുകയില്ല.

താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്കു കല്‍പിച്ചതില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. ഇരുപത്തിയഞ്ച് വര്‍ഷം നീണ്ട സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് മാധ്യമങ്ങളെ അകറ്റി നിര്‍ത്തേണ്ടി വന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ നിന്ന് എത്തിയത്. തമിഴ് സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു.