കൃത്രിമ ജോലിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ ജയിലിലായിരുന്ന മലയാളി നഴ്‌സ്, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നേരത്തെ നാട്ടിലേയ്ക്ക് മടങ്ങി

കൃത്രിമ ജോലിപരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് ജയില്‍ശിക്ഷ അനുഭവിച്ച മലയാളിയായ നഴ്‌സ്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നേരത്തെ നാട്ടിലേയ്ക്ക് മടങ്ങി.

കോഴിക്കോട്ടുകാരിയായ നഴ്‌സ് മൂന്നു വര്‍ഷം മുന്‍പാണ് അല്‍ കോബാറിലെ ഒരു ആശുപത്രിയില്‍ ജോലിയ്ക്കെത്തിയത്. ഒന്നരവര്‍ഷത്തെ പ്രവൃത്തി പരിചയം മാത്രമുണ്ടായിരുന്ന അവര്‍, ഏജന്റിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് ജോലിയ്ക്ക് ചേര്‍ന്നത്. രണ്ടു വര്‍ഷം ജോലിയ്ക്കു ശേഷം നാട്ടില്‍ വെക്കേഷന്‍ പോകാന്‍ നോക്കിയപ്പോഴാണ്, സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തിയതിന് സൗദി അധികൃതര് കേസെടുത്തു ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തിയെന്നും, അതിനാല്‍ നാട്ടിലേയ്ക്ക് പോകാന്‍ കഴിയില്ലെന്നും മനസ്സിലായത്. താമസിയ്ക്കാതെ സൗദി പോലീസ് ഇവരെ അറസ്റ്റു ചെയ്തു. വിവരമറിഞ്ഞു എത്തിയ, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, ഷിബുകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ ഇവരെ നേരിട്ട് കാണുകയും, കോടതിയില്‍ വേണ്ട നിയമസഹായങ്ങള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രി അധികൃതര്‍ വേണ്ടത്ര സഹകരിച്ചില്ല. കോടതി ഇവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും, പതിനായിരം റിയാല്‍ പിഴയും വിധിച്ചു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ജയിലില്‍ പലപ്രാവശ്യവും ഇവരെ പോയിക്കാണുകയും, വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. റംസാന്‍ മാസം എത്തിയപ്പോള്‍, സൗദി രാജാവിന്റെ പ്രത്യേക കാരുണ്യത്തില്‍ ഉള്‍പ്പെടുത്തി ഇവരെ നേരത്തെ ജയില്‍മോചിതയാക്കാന്‍ അപേക്ഷ നല്‍കുകയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ജയില്‍ അധികൃതരുമായി ഇതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി, 9 മാസം ആയപ്പോഴേയ്ക്കും ജയിലില്‍ നിന്നും പുറത്തു വരാന്‍ അവര്‍ക്കു കഴിഞ്ഞു. പിഴയും ഒടുക്കി, പെട്ടെന്ന് തന്നെ അവര്‍ നാട്ടിലേയ്ക്ക് മടങ്ങി.

സൗദി സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കിയ ശേഷം, ഇത്തരം ഒരുപാട് കേസുകള്‍ നവയുഗം ജീവകാരുണ്യവിഭാഗത്തിന് മുന്നില്‍ എത്താറുണ്ട്. പല ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്‌സ്മാര്‍ ഇപ്പോള്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്. ജോലിയ്ക്കായി സമര്‍പ്പിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും നിയമപ്രകാരം ആധികാരികമാണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും ഏജന്റുമാരുടെ വാക്കുകേട്ട് സര്‍ട്ടിഫിക്കറ്റില്‍ തിരിമറികള്‍ നടത്തുന്നവര്‍ക്ക് സൗദിയില്‍ കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നതിനാല്‍, എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം അഭ്യര്‍ത്ഥിച്ചു.

[NB: ഈ കേസിന്റെ പ്രത്യേകസ്വഭാവം കണക്കിലെടുത്ത് ആ നഴ്സിന്റെ പേര് വെളിപ്പെടുത്തുന്നില്ല]