ജിഎന്‍പിസിക്കെതിരെ പോലീസും കേസെടുത്തു ; ഗ്രൂപ്പ് പൂട്ടിക്കാന്‍ എക്‌സൈസ് നീക്കം
തിരുവനന്തപുരം : ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിക്കെതിരെ പോലീസും കേസെടുത്തു. ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. എക്‌സൈസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിനെതിരായ അന്വേഷണം നടക്കുന്നത്.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ അഡ്മിനെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. എക്‌സൈസ് നിയമത്തിലെ 55-ഐ വകുപ്പ് പ്രകാരമാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ ടി. എല്‍. അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ എക്സൈസ് കേസ് എടുത്തിരിക്കുന്നത്. അനധികൃത മദ്യവില്‍പന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണിത്.
മതസ്പര്‍ദ്ധ വളര്‍ത്തല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍വെച്ച് മദ്യപിക്കല്‍, ടിക്കറ്റ് വെച്ച് മദ്യസല്‍ക്കാരം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളുടെ പേരിലും അജിത്തിനെതിരെ പോലീസ് കേസെടുക്കും. അഡ്മിനും ഭാര്യയും കൂടാതെ ഫേസ്ബുക്ക് പേജിന്റെ മറ്റ് അഡ്മിന്‍മാരായ 36 പേരും കേസില്‍ പ്രതികളാകും. ഒന്നാം പ്രതി അജിത്കുമാറും ഭാര്യയും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണ്. മദ്യത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രവും വ്യാപകമായി ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജുവെെനല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തു.
18ലക്ഷം അംഗങ്ങളാണ് ജി എന്‍ പി സിയിലുള്ളത്. പുതിയ ബ്രാന്‍ഡുകള്‍, മദ്യപിക്കേണ്ടത് എങ്ങനെ, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എന്‍ പി സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.ഇന്നലെ ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനെ (40) എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.
കൂപ്പണ്‍ ഉപയോഗിച്ച് വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ കേസിലാണ് അറസ്റ്റ്. ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എക്‌സൈസ് വകുപ്പ് അജിത്ത് കുമാറിനും ഭാര്യക്കും എതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവരുടെ വീട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തുകയും ചെയ്തു. അതുപോലെ ഗ്രൂപ്പില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗ്രൂപ്പിന്റെ 38 അഡ്മിന്‍മാര്‍ക്ക് എതിരെയും കേസെടുക്കാന്‍ തീരുമാനിച്ചു. വിവരം പുറത്ത് വന്നതോടെ ഇന്നലെ അറസ്റ്റിലായ അഡ്മിന്‍ ടി എല്‍ അജിത്ത് കുമാര്‍ ഒഴികെ എല്ലാവരും ഒളിവിലാണ്.
സര്‍ക്കാരും എക്‌സൈസും ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്ന അവസരത്തില്‍ ഈ ഗ്രൂപ്പിലൂടെ മദ്യപിക്കേണ്ട രീതികള്‍, ഇതിന്റെ കൂടെ കഴിക്കേണ്ട ഭക്ഷണങ്ങള്‍, പുതിയ ബ്രാന്‍ഡുകള്‍ തുടങ്ങിയവ പ്രചരിക്കുന്നുണ്ട്. ഇതു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി മദ്യവിരുദ്ധ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.
ഈ രഹസ്യ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അഡ്മിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പരസ്യമാകൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇന്ന് ഈ ഗ്രൂപ്പിലെ സജീവ അംഗങ്ങളാണ്. അമേരിക്കയിലെയും യൂറോപ്പിലെയും വമ്പന്‍ മദ്യശാലകളില്‍ ഇരുന്നുള്ള ഒത്തുചേരലുകള്‍ മുതല്‍ കുടുസ്സു മുറികളില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സംഗമങ്ങള്‍ വരെ ഇവിടെ അംഗങ്ങള്‍ക്കായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്.