നിര്‍ഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ ; പ്രതികളുടെ ഹര്‍ജി കോടതി തള്ളി
വിവാദമായ ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. പ്രതികളുടെ പുനഃപരിശോധന ഹര്‍ജിയിലാണ് നിര്‍ണായകമായ കോടതി വിധി വന്നിരിക്കുന്നത്. പ്രതികളായ പവന്‍ ഗുപ്ത (31), വിനയ് ശര്‍മ (25), മുകേഷ് (31) തുടങ്ങിയവരാണ് കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂര്‍ (33) പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല. ഇയാള്‍ക്ക് ഹര്‍ജി നല്‍കാന്‍ കോടതി സമയം അനുവദിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിനു പുറമെ ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് ആര്‍. ഭാനുമതി തുടങ്ങിയവരും വിധി പറഞ്ഞ ബെഞ്ചിലുണ്ടായിരുന്നു.
നേരത്തെ ആറു പ്രതികളില്‍ ഒന്നാം പ്രതിയായ രാംസിങ് തിഹാര്‍ ജയിലിനുള്ളില്‍ വച്ച് ജീവനൊടുക്കിയിരുന്നു. കേസിലെ മറ്റൊരു പ്രതി സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായിരുന്നു. ഇയാള്‍ക്ക് ജുവനൈല്‍ നിയമം അനുസരിച്ചുള്ള മൂന്നു വര്‍ഷം ശിക്ഷയാണ് ലഭിച്ചത്. പിന്നീട് ശിക്ഷ കഴിഞ്ഞ് ഈ പ്രതി ജയില്‍ മോചിതനായി. സാകേതിലെ ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ബാക്കിയുള്ള നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. ഈ വിധി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു. സുപ്രീം കോടതിയും പ്രതികളുടെ വധശിക്ഷ ശരിവച്ചതോടെ ഇനി പ്രസിഡന്റിന് ദയാഹര്‍ജി നല്‍കാന്‍ മാത്രമാണ് സാധിക്കൂക. ദയാഹര്‍ജിയും തള്ളിയാല്‍ വധശിക്ഷ നടപ്പാക്കൂം.
ഡല്‍ഹിയില്‍ 2012 ഡിസംബറില്‍ ഓടുന്ന ബസിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 23കാരിയായ വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ആറു പ്രതികളും ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ യുവതി അതേ വര്‍ഷം ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. ജനകീയവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദം മൂലമാണ് സുപ്രീം കോടതിവിധി വധശിക്ഷ ശരിവച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ പി സിങ് പറഞ്ഞു. രാജ്യം കാണാത്ത പ്രതിഷേധങ്ങള്‍ക്കാണ് അന്ന് രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്.