മാലിന്യം നിറഞ്ഞ് ഇന്ത്യന്‍ നഗരങ്ങള്‍ ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : ഇന്ത്യയിലെ നഗരങ്ങള്‍ പലതും മാലിന്യങ്ങളില്‍ മുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കേരളം അടക്കമുള്ള സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച് സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്ന കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി.
ഇന്ത്യയിലെ നഗരങ്ങള്‍ പലതും മാലിന്യ കൂമ്പാരങ്ങള്‍ക്കടിയില്‍ ആയിക്കൊണ്ടിരിക്കുകയാണെന്നും പല നഗരങ്ങളും വെള്ളത്തിനടയിലാകുന്ന സാഹചര്യമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാരുകള്‍ നിരുത്തരവാദിത്വപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കോടതി ആരോപിച്ചു. ജസ്റ്റിസുമാരായ എം.ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിമര്‍ശനമുന്നയിച്ചത്. രാജ്യത്തെ 13 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഖരമാലിന്യ സംസ്‌കരണത്തില്‍ നയരൂപീകരണം നടത്താന്‍ ആവശ്യപ്പെട്ടിട്ടും അതുണ്ടാകാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേരളം, പശ്ചിമബംഗാള്‍, ഗോവ, ഛത്തീസ്ഗഡ് തുടങ്ങി 10 സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹി മാലിന്യ കൂമ്പാരത്തിന് അടിയിലായിക്കൊണ്ടിരിക്കുന്നു. മുംബൈ ആണെങ്കില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങുകയാണ്. എന്നാല്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല. ഇത്തരം വിഷയങ്ങളിലുള്ള ഇടപെടലിന്റെ പേരില്‍ കോടതിയെ പലപ്പോഴും കുറ്റപ്പെടുത്തുകയാണ്- കോടതി ചൂണ്ടിക്കാട്ടി.