രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം ; സെമിനാറുകളും പ്രഭാഷണങ്ങളും നടത്തും

തിരുവനന്തപുരം : അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും മാത്രമല്ല. ഇപ്പോഴിതാ രാമായണമാസാചരണം കൂടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് വിപ്ലവ പാര്‍ട്ടിയായ സി.പി.എം. സാമൂഹിക സാഹചര്യം വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണവും പരിപാടികളുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സി.പി.എം നേരിട്ടല്ല ഈ ഇടപെടല്‍ നടത്തുന്നത്. പാര്‍ട്ടിയുടെ ഭാഗമായുള്ള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്. ക്ഷേത്രങ്ങള്‍ കയ്യടക്കാനുള്ള ബി.ജെ.പി ശ്രമം തടയാന്‍ അമ്പലക്കമ്മറ്റിക്കാരുടെ യോഗം വിളിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

രാമായണ പാരായണത്തിനൊപ്പം ഇതിഹാസത്തിന്റെ സാമൂഹിക പശ്ചാത്തലവും വിശദീകരിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും ഉണ്ടാകും. ഈ മാസം 25-ന് സംസ്ഥാനതല സെമിനാറും തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. ആലപ്പുഴയിലെ സെമിനാറില്‍ സുനില്‍ പി. ഇളയിടമാണ് മുഖ്യപ്രഭാഷകന്‍. അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും മറ്റും സംഘടിപ്പിച്ച സിപിഎം ഇതാദ്യമായാണ് രാമായണമാസാചരണത്തിലേക്ക് കടക്കുന്നത്. വിശ്വാസം വഴിയുള്ള ബി.ജെ.പിയുടെ കടന്നുകയറ്റം തടയുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നാണ് വിലയിരുത്തല്‍.