അഭിമന്യു വധം ; പ്രതികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്താന്‍ പറ്റില്ല എന്ന് നിയമോപദേശം

തിരുവനന്തപുരം : മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഈ ഘട്ടത്തില്‍ യു.എ.പി.എ (നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്നതിനുള്ള നിയമം) ചുമത്തില്ലെന്ന് പോലീസ്. മുന്‍ കാലങ്ങളിലെ പാര്‍ട്ടി എടുത്ത നയം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ തിരക്കിട്ട് യു.എ.പി.എ ചുമത്തുന്നതിനോട് സി.പി.എം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.പി.എ ചുമത്താന്‍ മതിയായ തെളിവികളില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസാണ് പോലീസിന് നിയോപദേശം നല്‍കിയത്. ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേള്‍ തല്‍ക്കാലം യു.എ.പി.എ ചുമത്തേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടില്ല. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍.ഐ.എ മുന്നോട്ട് വന്നാല്‍ എതിര്‍ക്കില്ല. അതിനിടെ പ്രതികളെ പിടികൂടുന്നതിനായി ഇതര സംസ്ഥാന പോലീസന്റെ സഹായവും പോലീസ് തേടി. സംയുക്ത പരിശോധനയാണ് ആരംഭിച്ചത്.

പ്രതികളില്‍ ചിലര്‍ ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടന്ന വിവരത്തെ തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഉള്‍പ്പടെയുള്ള മുഖ്യ പ്രതികളാണ് ഒളിവില്‍ കഴിയുന്നത്. പ്രതികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.