ഫ്രാന്‍സ് കളിച്ച ഫുട്‌ബോളിനെ കുറിച്ച്…പിന്നെ ബെല്‍ജിയത്തിന്റെ ഔട്ട് പ്ലേയും
സംഗീത് ശേഖര്‍
ഫ്രാന്‍സിന്റെ ‘നെഗറ്റീവ്’ ഫുട്‌ബോളിനെ ബല്‍ജിയം ഗോള്‍കീപ്പര്‍, ഈഡന്‍ ഹസാര്‍ഡ് എന്നിവരുള്‍പ്പെടെ പലരും വിമര്‍ശിച്ചിരുന്നു. എമ്ബാപ്പേ, ഗ്രീസ്മാന്, ജിരോദ് എന്നിവരടങ്ങിയ അസാധാരണ പ്രഹരശേഷിയുള്ള ഒരു മുന്നേറ്റ നിര കയ്യിലുണ്ടായിട്ടും ഫ്രാന്‍സ് കളിച്ച ഫുട്‌ബോള്‍ പലര്‍ക്കും അദ്ഭുതകരമായി തോന്നാം. പക്ഷെ ഈ ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനു വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഫ്രാന്‍സ് ടാക്ട്ടിക്കലി ബെല്‍ജിയത്തെ ഔട്ട് പ്ലേ ചെയ്യാനായി റോക്കറ്റ് സയന്‍സ് ഒന്നും ഇന്നലെ അവതരിപ്പിച്ചില്ല. എക്‌സ്ട്രാ ടൈം, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങി എല്ലാ പരീക്ഷണത്തിനും തയ്യാറായിട്ടാണ് അവര്‍ വന്നതും. രണ്ടാം പകുതിയുടെ തുടക്കത്തിലേ കിട്ടിയ ഗോള്‍ ആ സാഹചര്യം ഒഴിവാക്കി എന്നേയുള്ളൂ. ബ്രസീലല്ല ഫ്രാന്‍സ് എന്നോരോര്‍മപ്പെടുത്തല്‍ മാത്രം. ആക്രമണ ഫുട്‌ബോള്‍ കളിച്ച ബ്രസീലിനോട് തോറ്റിരുന്നെങ്കില്‍ ഞങ്ങള്‍ അഭിമാനിക്കുമായിരുന്നു എന്ന തരം പ്രസ്താവനകള്‍ ഒളിച്ചോടലാണ്. സീസണ്‍ മുഴുവന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി പ്രതിരോധ പൂട്ടുകള്‍ തുറക്കുന്ന ജോലി ചെയ്തു കൊണ്ടിരുന്ന സിസ്റ്റത്തിന്റെ പ്രധാനഭാഗമായിരുന്ന കെവിന്‍ ഡിബ്രുയനക്ക് മാത്രം വലിയ പരാതി ഉണ്ടാകാന്‍ സാധ്യതയില്ല. അത്തരമൊരു സിസ്റ്റത്തിന്റെ ചാലകശക്തിയായി കളിച്ചിരുന്ന അയാള്‍ക്ക് ഫ്രാന്‍സിനെതിരെ പന്ത് ലഭിക്കാതെ അലയേണ്ടി വന്നെങ്കില്‍ അത് ഫ്രഞ്ച് നിരയുടെ മികവാണ്. ബ്രസീലിനെ ടാക്ട്ടിക്കലി ഔട്ട് പ്ലേ ചെയ്ത ബെല്‍ജിയം കോച്ച് മാര്‍ട്ടിനസ് ഫ്രാന്‍സിനെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് പിഴവാണ്. ബ്രസീലിനെതിരെ തുറന്നു കിട്ടിയ സ്‌പേസ് ഫ്രാന്‍സിനെതിരെ പ്രതീക്ഷിച്ചെങ്കില്‍ അത് മണ്ടത്തരവും.
ബെല്‍ജിയം പോലൊരു ടീമിനെതിരെ അറ്റാക്കിംഗ് ഗെയിം കളിക്കുന്നത് ആത്മഹത്യാപരമായ നീക്കമാണ് എന്നത് ആദ്യമേ തിരിച്ചറിഞ്ഞ ഫ്രാന്‍സ് വെയിറ്റിംഗ് ഗെയിം തന്നെയാണു കളിച്ചത്. ബെല്‍ജിയത്തിന്റെ മുന്നേറ്റ നിരയെയും മധ്യനിരയും ആക്രമണത്തിന് കോപ്പ് കൂട്ടി സ്വന്തം ഹാഫില്‍ കടക്കുമ്പോള്‍ പതറാതെ നിന്ന ഫ്രാന്‍സ്, ഇടയ്ക്കിടെ വീണു കിട്ടുന്ന ബ്രെക്കുകളിലൂടെ ബെല്‍ജിയം പ്രതിരോധം കീറി മുറിച്ചു.കൌണ്ടറുകള്‍ വരുമ്പോള്‍ ഫ്രാന്‍സ് മുന്നേറ്റനിര അസാദ്ധ്യമായ രീതിയില്‍ ചിതറി സ്‌പേസ് ഉണ്ടാക്കുന്ന കാഴ്ച ആകര്‍ഷണീയമായിരുന്നു. കൌണ്ടറുകളില്‍ ഗോള്‍ പിറന്നില്ലെങ്കില്‍ കൂടെ ബല്‍ജിയം ആക്രമണ/മധ്യ നിരക്ക് ഫ്രാന്‍സിന്റെ ഹാഫില്‍ വച്ച് പന്ത് നഷ്ടപ്പെടുത്താനുള്ള ധൈര്യം കുറയുകയും അവരുടെ പൊസഷനും പാസ്സിംഗും നിരുപദ്രവകരമായ രീതിയില്‍ ഫ്രാന്‍സ് പ്രതിരോധത്തെ ഒട്ടും ശല്യപ്പെടുത്താതെ തുടരുകയും ചെയ്തു.
ബ്രസീലിനെതിരെ ലുകാക്കു, ദിബ്രുയന, ഹസാര്‍ഡ് എന്നിവര്‍ക്കൊക്കെ അനുവദിച്ചു കിട്ടിയ സ്‌പേസ് ഫ്രാന്‍സ് പ്രതിരോധം നല്‍കില്ലെന്ന് ഉറപ്പായിരുന്നു എങ്കിലും വീണ്ടും ആക്രമണത്തിന്റെ മധ്യത്തിലേക്ക് വന്ന ലുക്കാക്കുവിനെ അക്ഷരാര്‍ത്ഥത്തില്‍ ഫ്രഞ്ച് സെന്‍ട്രല്‍ ഡിഫന്‍സ് പോക്കറ്റിലാക്കി കളഞ്ഞു. വരാനേയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്. ദിബ്രുയന ബ്രസീലിനെതിരെ കളിച്ച കൂടുതല്‍ ഒഫന്‍സീവ് ആയ പൊസിഷന്‍ അന്ന് നേട്ടമുണ്ടാക്കിയെങ്കില്‍ ഫ്രാന്‍സിനെതിരെ പാളിപ്പോയി. ദിബ്രുയനെ ഒരു ഫോര്‍വേഡ് തന്നെയായി കണ്ടു അയാളിലെക്കുള്ള സപ്ലൈ ലൈനുകള്‍ സമര്‍ത്ഥമായി ബ്ലോക്ക് ചെയ്ത് ഫ്രാന്‍സ് കളിച്ചതോടെ ബെല്‍ജിയത്തിന്റെ ക്രിയേറ്റിവിറ്റി തീര്‍ന്നിരുന്നു. ജപ്പാനെതിരെ സബ്ബായി വന്നു ഇമ്പാക്റ്റ് ഉണ്ടാക്കി ബ്രസീലിനെതിരെ ഫസ്റ്റ് ഇലവനില്‍ കളിച്ച ചാഡിലിന്റെ യഥാര്‍ത്ഥ പൊട്ടന്‍ഷ്യല്‍ വ്യക്തമായ മത്സരം. കോര്‍ണറുകള്‍ എടുക്കാന്‍ അയാളെ നിയോഗിക്കുന്നത് അദ്ഭുതമായി തോന്നി. ദിബ്രുയന എന്ന മാസ്റ്റര്‍ പ്രൊവൈഡര്‍ ടീമിലുള്ളപ്പോള്‍ ബെല്‍ജിയം കോര്‍ണറുകള്‍ ത്രെറ്റ് ആകാതെ പാഴായി പോകുന്നത് ആദ്യപകുതിയിലെ സ്ഥിരം കാഴ്ചയായിരുന്നു. ബെല്‍ജിയത്തിന് പോസഷന്‍ കിട്ടുമ്പോള്‍ മിഡ് ഫീല്‍ഡറായും അല്ലാത്തപ്പോള്‍ റൈറ്റ് വിംഗ് ബാക്കായും കളിച്ച ചാഡില്‍ ഇമ്പാക്റ്റ് ഉണ്ടാക്കിയില്ല. ഡെംബെലെ അടങ്ങിയ ബല്‍ജിയം മധ്യനിരയുടെ ക്രിയേറ്റിവിറ്റിയില്ലായ്മ വ്യക്തമായിരുന്നു. ദിബ്രുയന മധ്യനിരയിലെക്കിറങ്ങി ഗെയിം നിയന്ത്രിക്കുന്ന ഒരു സാഹചര്യം മാത്രമായിരുന്നു ഒരു മറുപടി.
വീണ്ടും പോള്‍ പോഗ്ബ, കാന്റെ ദ്വയത്തിലേക്ക്. എല്ലാ ശ്രദ്ധയും മറ്റുള്ളവര്‍ അപഹരിക്കുമ്പോള്‍ രണ്ടു മാസ്റ്റര്‍ ഓപ്പറേറ്റര്‍മാര്‍ കോച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നു. ഒന്നാന്തരമൊരു ഒഫന്‍സീവ് മിഡ് ആണ് താനെന്നു ഇടക്ക് വീണു കിട്ടുന്ന അവസരങ്ങളില്‍ നല്‍കുന്ന മിന്നുന്ന പാസ്സുകളിലൂടെ ഓര്‍മിപ്പിക്കുന്ന പോഗ്ബ തല്‍ക്കാലം ടീം പ്ലാനിന്റെ ഭാഗമായി തന്റെ റോള്‍ ക്ര്യത്യമായി ചെയ്യുന്നു. കാന്റെ, അണ്ടര്‍ റേറ്റഡ് തന്നെയായി തുടരുമ്പോഴും ഒന്നാന്തരം പ്രകടനം. ഗ്രീസ് മാന്റെ വര്‍ക്ക് റേറ്റ് വീണ്ടും എടുത്തു പറയണം. സെറ്റ് പീസുകളിലും ഡിഫന്‍സീവ് ജോലികളിലുമെല്ലാം അയാളുടെ സാന്നിധ്യമുണ്ട്.
ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ ജനറേഷന്‍ കിരീടങ്ങളില്ലാതെ മടങ്ങുന്നു എന്നതല്പം ഹാര്‍ഷായ പ്രസ്താവനയാണ്. ഇതിലും മികച്ചവര്‍ നിരാശയോടെ മടങ്ങിയിട്ടുണ്ട് എന്നിരിക്കെയും ഇതവരുടെ അവസാനശ്രമമായിരുന്നില്ല. വിന്‌സന്റ് കൊമ്പനി ഒഴിച്ചാല്‍ ഹസാര്‍ഡ്, ദിബ്രുയന, ലുക്കാക്കു എന്നിവര്‍ക്കെല്ലാം ഒരു ശ്രമത്തിനു കൂടെയുള്ള അവസരമുണ്ട്.