എണ്ണ ഇറക്കുമതി കുറച്ചാല്‍ ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്ന് ഇറാന്‍

ഇന്ത്യക്കു എതിരെ വിമര്‍ശനവുമായി ഇറാന്‍. ചാബഹാര്‍ തുറമുഖ വികസനത്തിനായി നിക്ഷേപം നടത്താമെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കാത്ത ഇന്ത്യ എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ രാജ്യത്തിന് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്ന് ഇറാന്‍ ഡെപ്യൂട്ടി അംബാസഡര്‍ മസൗദ് റെസ്‌വാനിയന്‍ റഹാഗി പറഞ്ഞു. ഇറാനില്‍ നിന്നല്ലാതെ സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചാല്‍ ഇന്ത്യക്കു നല്‍കിവരുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നാണ് റഹാഗി വ്യക്തമാക്കിയത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂണില്‍ 15.9 ശതമാനമായി കുറച്ചിരുന്നു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന യുഎസ് നിലപാടിനോട് റഹാഗി പ്രതികരിച്ചതിങ്ങനെയാണ്, ” ഇന്ത്യയുടെ വിശ്വസ്തരായ ഊര്‍ജ പങ്കാളിയാണ് ഇറാന്‍, ന്യായവിലയ്ക്കാണ് ഇന്ത്യക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാനെ വിട്ട് സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍ ഇറാന്‍ ഇതുവരെ ഇന്ത്യക്കു നല്‍കിവന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കും. ” ഇന്ത്യക്കായി എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇറാനുള്ളത്, സൗദിയും ഇറാഖുമാണ് മറ്റു രണ്ടു രാജ്യങ്ങള്‍. നവംബര്‍ നാലോടുകൂടി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കണമെന്നാണ് ഇന്ത്യയോടും മറ്റു രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനുമായുള്ള ആണവ ബന്ധത്തില്‍ നിന്നു പിന്‍വാങ്ങിയതോടെയാണ് ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്.

” ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും മറ്റ് അനുബന്ധ പദ്ധതികള്‍ക്കും ഇന്ത്യ ഉറപ്പുനല്‍കിയിരുന്ന നിക്ഷേപം ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ഇന്ത്യ അടിയന്തിര നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.”- റഹാഗി പറയുന്നു. ഇന്ത്യക്കും ഇറാനും അഫ്ഗാനിസ്ഥാനും മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം നടത്തുന്നതില്‍ സുവര്‍ണാവസരങ്ങള്‍ തുറക്കുന്ന കവാടമാണ് ചാബഹാര്‍ തുറമുഖമെന്നാണ് കണക്കാക്കിയിരുന്നത്. മേയ് 2016ലാണ് ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് മൂന്നു രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള വ്യാപാരം സുഗമമാക്കുന്ന ചാബഹാര്‍ തുറമുഖം സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്.