അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍ യാത്രചെയ്തത് 35 കിലോമീറ്റര്‍ ; താഴെ വീഴാതിരിക്കാന്‍ കയറുകൊണ്ട് കെട്ടിവെച്ചു

പാമ്പ് കടിയേറ്റ് മരിച്ച അമ്മയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മൃതദേഹവുമായി മകന്‍ ബൈക്കില്‍ സഞ്ചരിച്ചത് 35 കിലോമീറ്റര്‍. മധ്യപ്രദേശിലെ മസ്തപൂരിലാണ് സംഭവം. കുന്‍വാര്‍ ഭായിയുടെ മൃതശരീരമാണ് മകന്‍ രാജേഷ് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇത്രയും ദൂരം ബൈക്കില്‍ കൊണ്ടുപോയത്.

ഞായറാഴ്ച പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് കുന്‍വാര്‍ ഭായിയെ സമീപത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം കൊണ്ടുപോവാനുള്ള ആംബുലന്‍സ് സൗകര്യം ഒരുക്കുവാന്‍ അവര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് അമ്മയുടെ ശരീരം ബൈക്കില്‍ കെട്ടിവെച്ച് ആശുപത്രിയിലേയ്ക്ക് ഇയാള്‍ യാത്ര തിരിച്ചത്. അതേസമയം

കുന്‍വാര്‍ ഭായിയെ പാമ്പുകടിച്ചപ്പോള്‍ ക്ഷേത്രത്തിലേയ്ക്കാണ് മകന്‍ ആദ്യം കൊണ്ടുപോയതെന്നും സമയത്ത് ചികിത്സ കിട്ടാത്തത് കാരണമാണ് അവര്‍ മരിച്ചതെന്നും ജില്ലാ കളക്ടര്‍ പറയുന്നു. കൂടാതെ ആംബുലന്‍സ് സേവനത്തിനായുള്ള 108-ല്‍ ഇയാള്‍ വിളിച്ചതുമില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീട്ടിലേയ്ക്ക് മൃതദേഹം എത്തിക്കാനായി ആംബുലന്‍സ് വിട്ടു നല്‍കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.