മോഹന്‍ലാലിന് എതിരെ രമ്യാനമ്പീശന്‍ ; മോഹന്‍ലാല്‍ പറയുന്നത് കള്ളം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് എതിരെ നടി രമ്യാനമ്പീശന്‍ രംഗത്ത്. എ.എം.എം.എ ഒരു കുടുംബമാണെങ്കില്‍ ദിലീപിനെതിരേ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് സുഹൃത്ത് (ആക്രമിക്കപ്പെട്ട നടി) തന്നോട് ചോദിച്ചുവെന്ന് രമ്യ ചോദിക്കുന്നു. ”AMMA കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ആരും ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി സംഘടനയെ സമീപിക്കുകയോ ചെയ്യാറില്ല. അവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ അവര്‍ അന്വേഷിച്ചുകാണും. ആരോപണവിധേയനായ നടന്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ടാകും. എഴുതിക്കൊടുക്കാത്തതിനാല്‍ നടപടി സ്വീകരിച്ചില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.” എന്നും രമ്യ പറയുന്നു.

തങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ കാര്യത്തിൽ പോലും സംഘടന വിവേചനം കാണിക്കുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്ന് രമ്യ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട ആള്‍ എങ്ങനെയാണ് ആരോപണം നേരിടുന്ന ആള്‍ ഉള്‍പ്പെടുന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നും രമ്യ ചോദിച്ചു. പരാതി ലഭിച്ചില്ല എന്നു പറഞ്ഞ് ഒരാള്‍ നേരിടുന്ന പ്രശ്‌നത്തെ തള്ളുന്നത് അനീതിയാണ്. ചിലര്‍ക്കു വേണ്ടി മാത്രം പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടാണെന്നും രമ്യ ചോദിച്ചു. ദിലീപിനെ തിരിച്ചെടുക്കുന്നത് AMMA ജനറല്‍ ബോഡി യോഗത്തിലെ അജണ്ടയിലുണ്ടായിരുന്നു എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അജണ്ടയുടെ പ്രിന്റഡ് കോപ്പിയിലുണ്ടായിരുന്ന ഏഴ് വിഷയങ്ങളിൽ ദിലീപിന്റെ കാര്യം ഉണ്ടായിരുന്നില്ല. ഞാനും ഗീതു മോഹന്‍ദാസും രേഖാമൂലം രാജിവച്ചിരുന്നു. എന്നാല്‍, റിമ നാട്ടിലുണ്ടായിരുന്നില്ല. അതൊന്നും ഇവിടെ പ്രസക്തമല്ല, ഞങ്ങള്‍ രാജിവച്ചുവെന്ന് തുറന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.